30 May Saturday

തേൻ നിറയെ ‘കയ്‌പ്‌ ’

എം സനോജ്‌Updated: Sunday Mar 22, 2020
 
നിലമ്പൂർ 
‘‘പെരുത്ത് തേനുണ്ട്‌. ബാങ്ങാനാളുണ്ടോ? പീടികകൾ അടച്ചിക്കിണ്. ഇനി ഞമ്മള് ഏങ്ങനെ തേൻ ബിക്കും–-ചാലിയാർ പഞ്ചായത്തിലെ  വെണേക്കോട് ആദിവാസി കോളനിയിലെ വേലായുധന്റെ വാക്കുകൾ. തേനുൾപ്പെടെയുള്ള വനവിഭവങ്ങളുടെ കച്ചവടം നിലച്ചതോടെ കോളനികൾ പ്രയാസത്തിലായി. വിനോദസഞ്ചാര കേന്ദ്രങ്ങളും ഇക്കോ ഷോപ്പുകളും അടച്ചതോടെ ശേഖരിച്ച സാധനങ്ങൾ വിൽക്കാൻ കഴിയുന്നില്ല. നിലമ്പൂർ കനോലി പ്ലോട്ട്, ആഢ്യൻപാറ, നെടുങ്കയം എന്നിവിടങ്ങളിലെ ഇക്കോ ഷോപ്പുകൾ താഴിട്ടു. വിദേശികളടക്കം നിലമ്പൂരിലെ കാട്ടുതേൻ തേടി എത്താറുണ്ട്. 
   ദിവസങ്ങളോളം കാട്ടിൽ കഴിഞ്ഞാണ്‌ ആദിവാസികൾ തേനെടുക്കുന്നത്‌. പന്തം, പാട കിഴങ്ങ്, കുന്തിരിക്കം എന്നിവയും കിട്ടാറുണ്ട്‌. പുഞ്ചക്കൊല്ലി, അളക്കൽ, മൂത്തേടം, അമ്പുമല  തുടങ്ങി 15ലധികം ഉൾവനങ്ങളിലെ ഊരുകളുടെ പ്രധാന വരുമാനമാർഗമാണ് മാർച്ചിലെ തേൻ ശേഖരം. 
മുണ്ടേരി വനസംരക്ഷണസമിതിയുടെ വിപണനകേന്ദ്രത്തിൽ കഴിഞ്ഞവർഷം ആയിരം കിലോ തേൻ ലഭിച്ചിരുന്നു. ഒരുകിലോക്ക്‌ ആയിരംരൂപ വരെ ആദിവാസികൾക്ക് ലഭിക്കും. 
ഫെബ്രുവരിമുതൽ മെയ് വരെയാണ് വൻതേൻ കിട്ടുന്നത്. ഇത്തവണ കാലാവസ്ഥാ വ്യതിയാനം കാരണം തേനിന്റെ അളവ് കുറഞ്ഞുവെന്ന്‌ ആദിവാസികൾ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top