25 May Monday

വീണ്ടെടുക്കാന്‍... വീട്ടിലിരുന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തല്‍ നിശ്ചലമായ മലപ്പുറം നഗരം

സ്വന്തം ലേഖകൻ
മലപ്പുറം
കോവിഡ്‌ 19 സമൂഹവ്യാപനം പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ജനത കർഫ്യൂ സംസ്ഥാനം ഏറ്റെടുത്തതോടെ നാടും നഗരവും നിശ്‌ചലമായി. നഗരങ്ങൾ ഞായറാഴ്‌ച പൂർണമായും വിജനമായിരുന്നു. കരിപ്പൂർ വിമാനത്താവളം നേരത്തെ അടച്ചു. ജില്ലയിലൂടെ തീവണ്ടികളും കടന്നുപോയില്ല. കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാരും ഉണ്ടായില്ല. കെഎസ്‌ആർടിസി  സർവീസുകൾ ഒന്നും ഓപറേറ്റ്‌ ചെയ്‌തില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. 
പൊതുപരിപാടികളും മത ചടങ്ങുകളും പരിമിതപ്പെടുത്തി. ക്രൈസ്‌തവ ദേവാലയങ്ങളിൽ ഞായറാഴ്‌ച കുർബാനയിൽ വിശ്വാസികൾ എത്തിയില്ല. സുവിശേഷ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വിശ്വാസികൾ കുർബാന കണ്ടു. വലിയ ആൾക്കൂട്ടങ്ങൾ എങ്ങുമുണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ അപൂർവമായാണ്‌ നിരത്തിലിറങ്ങിയത്‌.
മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം ജനങ്ങൾ വീടുകളും വാസസ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിച്ചു. ജനപ്രതിനിധികളും നേതാക്കളും വീടും പരിസരവും വൃത്തിയാക്കി ജനങ്ങൾക്ക്‌ മാതൃകയായി. മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിലെ വീടും പരിസരവും രാവിലെ ശുചീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉൾപ്പെടെ  നേതാക്കളെല്ലാം ശുചീകരണത്തിനിറങ്ങി. വൈകിട്ട് ആരോഗ്യ  പ്രവർത്തകരെ ജനം കൈയടിച്ച്‌ അഭിനന്ദിച്ചു. 
അഗ്നിരക്ഷാസേന മലപ്പുറം കുന്നുമ്മലിൽ കെഎസ്‌ആർടിസി ഡിപ്പോയും നഗര പരിസരവും അണുവിമുക്തമാക്കി. അണുനാശിനികളും ഡെറ്റോളും കലർത്തിയ  വെള്ളം ഉപയോഗിച്ചാണ്‌ അണുവിമുക്തമാക്കിയത്‌. ദീർഘദൂര ബസുകൾ അടക്കം 45 ബസുകൾ ഇവിടെ അണുവിമുക്തമാക്കി.
ശൗചാലയം, എടിഎം കൗണ്ടർ, കുന്നുമ്മൽ ടൗണ്ടിലെ റൗണ്ട്‌ എന്നിവയൊക്കെ സംഘം അണുവിമുക്തമാക്കി. അസി. സ്‌റ്റേഷൻ ഓഫീസർ പി പ്രദീപ്‌, ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർമാരായ എ ലിജു, പി മുഹമ്മദ്‌, എ ഷിബിൻ, ഷാജു, ബാലചന്ദ്രൻ, ഷെനീബ്‌ എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top