27 May Wednesday

കര്‍മനിരതരായി പ്രതിരോധ സംഘങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

മലപ്പുറം
കോവിഡ് 19 ഭീഷണി നേരിടാൻ പൊതുജനങ്ങൾ പൂർണമായി സഹകരിച്ചപ്പോള്‍ വൈറസ് വ്യാപനം തടയാനുള്ള അക്ഷീണ യത്‌നത്തിലായിരുന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വള​ന്റിയർമാരും. ദുരന്ത നിവാരണ വിഭാഗത്തിലും ജില്ലാ മെഡിക്കൽ ഓഫീസിലും  പൊലീസ് ആസ്ഥാനത്തുമായി ഏഴ് കൺട്രോൾ റൂമുകളാണ് പ്രവർത്തിച്ചത്.  ഡോക്ടർമാരുൾപ്പെടെ മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും സേവനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീനയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു. മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക്, ജില്ലാ ആശുപത്രികളും മഞ്ചേരി ഗവ. മെഡിക്കൽ കോളേജും ഞായറാഴ്‌ച പൂർണതോതിൽ പ്രവർത്തിച്ചു.
നാല് ഐസൊലേഷൻ കേന്ദ്രങ്ങളിലും വിദഗ്ധ സംഘങ്ങൾ പരിചരണം ഉറപ്പാക്കി.  കൺട്രോൾ സെല്ലും വിശ്രമമില്ലാതെ പ്രവർത്തിച്ചു. 
കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവർ പൊതുസമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വാർഡ് മുതൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ദ്രുതകർമസംഘങ്ങൾ നിതാന്ത ജാഗ്രത പുലർത്തി. പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുള്ള ഇടപെടലും ഫലപ്രദമായി. ദുരന്ത നിവാരണ വിഭാഗവും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാരും കർമനിരതരായി. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരുടെ വിവരങ്ങൾ വിമാനത്താവളത്തിൽനിന്നും  കൺട്രോൾ സെല്ലിൽനിന്നും ഐടി മിഷന്റെ നേതൃത്വത്തിലും ഏകോപിപ്പിച്ചു. 
പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ അഗ്നി രക്ഷാ സേനയും സജീവമായി. 
വനം വകുപ്പ്, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങി ജില്ലയിലെ മറ്റ് അവശ്യ സേവനങ്ങൾ ഉറപ്പാക്കേണ്ട ജീവനക്കാരും ജനതാ കർഫ്യൂ ദിവസം സേവന രംഗത്തുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top