27 May Wednesday

ചെറുതല്ല ഈ ചെനകൾ

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020

പരപ്പൻ ചെന

വേങ്ങര 
ഒരു ജലദിനംകൂടി എത്തുമ്പോൾ ‘ചെന’ എന്ന വാക്ക്‌ ചില സ്ഥലനാമങ്ങളോട്‌ ചേർത്ത്‌ മാത്രമേ കാണാനാവൂവെന്ന സങ്കടത്തിലാണ്‌ പരിസ്ഥിതിസ്‌നേഹികൾ. ചെന എന്നത്‌ ഉയർന്ന പാറക്കെട്ടുകൾക്കിടയിൽ വിശാലമായിക്കിടക്കുന്ന താഴ്ന്ന ഭാഗത്ത് മഴവെള്ളം സംഭരിക്കപ്പെടുന്ന ഭാഗമാണ്‌. ഈ സ്വാഭാവിക ജലസംഭരണികൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ്‌ ഇപ്പോഴുയരുന്നത്‌.  ഒരുകാലത്ത് ചെനകൾ ധാരാളം ജലം സംഭരിച്ചുനിർത്തിയിരുന്നു. മഴക്കാലത്ത്‌ ഇവ നിറഞ്ഞുനിന്നു. വേനലിൽ മനുഷ്യന്‌ ആശ്വാസമേകി. 
ജില്ലയിൽ ചെനക്കൽ, പരപ്പൻ ചിന, കാരച്ചെന, കഴിച്ചെന, കഴുകൻ ചെന, മാടം ചെന, പൊട്ടിച്ചെന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചെനയുണ്ടായിരുന്നു. എന്നാൽ മനുഷ്യന്റെ ദുരമൂത്ത നടപടികള്‍ പലതിനെയും നശിപ്പിച്ചു. ഇപ്പോൾ വലിയോറയിലെ  ചെനക്കലിൽ ചെന നിന്ന സ്ഥാനം തന്നെ പുതിയ തലമുറക്കറിയില്ല. പണ്ട് കഴുകൻമാർ ധാരാളമുണ്ടായിരുന്നപ്പോൾ അവ വെള്ളം കുടിക്കാനെത്തിയിരുന്ന ചേറൂർ പ്രദേശത്തെ ചെനയും ഓർമയായി. 
രണ്ട്‌ ഏക്കറിലധികം നീണ്ടുപരന്ന്‌ കിടന്ന  പരപ്പൻ ചെന ഇന്ന്‌ കാഴ്‌ചയിൽ ഒരു ചെറു ജലാശയമാണ്‌. ഇതിന്റെ ചുറ്റുപാടുകൾ മുഴുവനും കൈയ്യേറ്റങ്ങളാൽ  ചുരുങ്ങി. പടിഞ്ഞാറ്, തെക്ക്, തെക്ക് കിഴക്ക് ഭാഗങ്ങൾ റോഡുകൾക്കായി ഏറ്റെടുത്തപ്പോൾ വടക്ക് ഭാഗത്തെ സ്ഥലം വീടുകളും അപഹരിച്ചു.  ഒരു ഏക്കറോളമായി കുറഞ്ഞ ചെനയിൽ  വേനലിൽ വെള്ളം കുറഞ്ഞതോടെ കാലികൾ, വാഹനങ്ങൾ എന്നിവ  കഴുകാനും ഇതര സംസ്ഥാന തൊഴിലാളികൾ കുളിക്കാനുംമാത്രമാണ് ഉപയോഗിക്കുന്നത്.  വാഹനങ്ങൾ കഴുകുന്നത്‌   രാസവസ്തുക്കൾ ജലാശയത്തിൽ എത്തിക്കുന്നുണ്ട്‌. ഇതൊഴിവാക്കി ജലാശയം കാക്കണമെന്നാണ്‌  പ്രകൃതിസ്നേഹികളുടെ ആവശ്യം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top