24 July Saturday
ഇന്ന് ലോക ജലദിനം

വൃത്തിയുള്ള വലിയതോടിന്‌ വിപുല പദ്ധതി

പി വിജയൻUpdated: Sunday Mar 22, 2020
മലപ്പുറം
നാശത്തിന്റെ വക്കിലെത്തിയ കൊണ്ടോട്ടി വലിയതോട്‌ ജനകീയ ഇടപെടലിൽ വൃത്തിയാക്കി സംരക്ഷിക്കാൻ ബൃഹദ്‌ പദ്ധതി.  കാലവർഷം തുടങ്ങുന്നതിനുമുമ്പ്‌ തോട്‌ ശുചീകരിക്കും. രണ്ടുവർഷം തുടർച്ചയായി പ്രളയം ദുരിതംവിതച്ച സാഹചര്യത്തിലാണ്‌ ജില്ലാ ആസൂത്രണ സമിതി മുൻകൈയിൽ കൊണ്ടോട്ടി മേഖലയുടെയാകെ ആശങ്കയകറ്റാനുള്ള തീരുമാനം.
കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ തോട്‌ 33 കിലോമീറ്റർ നീളത്തിലാണ്‌ പരന്നുകിടക്കുന്നത്‌. ഇതിൽ 10 കിലോമീറ്ററോളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലാണ്‌. കൊറോണ ഭീതി മാറിയാലുടൻ പ്രവൃത്തി തുടങ്ങും. മെയ്‌ അവസാനത്തോടെ തോടിന്‌ പുതിയമുഖം കൈവരും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ തോട്‌ നവീകരണം.പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ്‌ നീരൊഴുക്ക്‌ നിലച്ച്‌ നശിക്കുകയാണ്‌ വലിയ തോട്‌. ശുചിയാക്കുന്ന തോടിന്റെ ഇരുവശവും കയർ ഭൂവസ്‌ത്രങ്ങൾ ഉപയോഗിച്ച്‌ ബലപ്പെടുത്തുകയും പുല്ല്‌, മുള, രാമച്ചംപോലുള്ള ചെടികളുടെ സസ്യാവരണം ഉറപ്പുവരുത്തുകയുംചെയ്യുംമൊറയൂർ മീൻവെട്ടിച്ചാലിൽനിന്ന്‌ ഉത്ഭവിച്ച്‌ പെരുവള്ളൂർ, പള്ളിക്കൽ,  പുളിക്കൽ, മൂന്നിയൂർ, എആർ നഗർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലൂടെയും കൊണ്ടോട്ടി നഗരസഭയിലൂടെയും ഒഴുകി പാറക്കടവിലാണ്‌  തോട്‌ കടലുണ്ടിപ്പുഴയോട്‌ ചേരുന്നത്‌. മാലിന്യം നിറഞ്ഞ്‌ കൈവഴികളടഞ്ഞ തോടിനെ വീണ്ടെടുക്കാൻ എല്ലാ വിഭാഗത്തിൽപെട്ടവരെയും അണിനിരത്തും. തൊഴിലുറപ്പ്‌ തൊഴിലാളികളും കർഷകരും വിവിധ യുവജന–- സാമൂഹ്യ–- രാഷ്ട്രീയ സംഘടനകളും റസിഡൻസ്‌ അസോസിയേഷനുകളും ശ്രമദാനത്തിൽ പങ്കുചേരും.ജെസിബി അടക്കമുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ്‌ ശുചീകരണം. കാലവർഷത്തിന്റെ മുന്നൊരുക്കമെന്ന നിലയിലാണ്‌ ഇത്രയും വലിയ പദ്ധതി.  കാലവർഷം ശക്തമായാൽ ഈ മേഖലയിൽ പ്രളയം തുടർക്കഥയാണ്‌. തോടിലൂടെ ഒഴുക്ക്‌ സാധ്യമല്ലാത്തതിനാൽ പ്രളയജലം കവരുന്നത്‌ നിരവധി പേരുടെ വീടുകളും കൃഷിയിടങ്ങളുമാണ്‌. ഇതിനൊരു പരിഹാരമെന്ന നിലയ്‌ക്കാണ്‌ തോടിന്റെ വീണ്ടെടുക്കൽ. മാലിന്യംമൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കൽ, ജലജന്യരോഗങ്ങൾ തടയൽ, വെള്ളം കൃഷിക്ക്‌ ഉപയുക്തമാക്കൽ എന്നിവയും സാധ്യമാകും.ജില്ലാ പഞ്ചായത്തിനാണ്‌ ഏകോപനച്ചുമതല. ഹരിതകേരള മിഷൻ തയാറാക്കുന്ന പദ്ധതി രൂപരേഖ (ഡിപിആർ) ഉടൻ പൂർത്തിയാകും. തോടുകളുടെ പഞ്ചായത്ത്‌തല ഡിജിറ്റലൈസിങ്‌  ചുമതല സോയിൽ സർവേ ജില്ലാ കാര്യാലയത്തിനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top