25 May Monday

7018 പേര്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
മലപ്പുറം
കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയിൽ 858 പേർക്കുകൂടി ശനിയാഴ്‌ചമുതൽ നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ  എണ്ണം 7018 ആയതായി കലക്ടർ ജാഫർ മലിക് അറിയിച്ചു. പത്തുപേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. 
6993 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററിലുമാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറുപേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ടുപേരും തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഓരോരുത്തരും രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡുകളിലാണ്‌. 
വിദഗ്ധ പരിശോധനക്കായി അയച്ച 317 സാമ്പിളുകളിൽ 293 പേരുടെ ഫലം ലഭിച്ചു. ഇതിൽ 291 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന വ്യക്തമാക്കി. 23 പേരുടെ പരിശോധന ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്‌. 
വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച 121 പേരെ ശനിയാഴ്‌ച പ്രത്യേക നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായ രണ്ട് വൈറസ് ബാധിതരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്.  
 
ദ്രുതകർമ സംഘത്തിന്‌ പരിശീലനം
ദ്രുതകർമ സംഘങ്ങളിൽ പ്രവർത്തിക്കുന്ന വള​ന്റിയർമാർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നവർ, പൊലീസ്  ഹൗസ് ഓഫീസർമാർ തുടങ്ങി 220 പേർക്ക് ശനിയാഴ്‌ച പ്രത്യേക പരിശീലനം നൽകി. ജില്ലാ കൺട്രോൾ സെല്ലിൽനിന്ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു പരിശീലനവും ബോധവൽക്കരണ ക്ലാസുകളും. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ്  അഞ്ജു, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ  നന്ദകുമാർ, ഡോ. എ ഷിബുലാൽ, ജി ബിൻസിലാൽ, ഡോ. എ അസ്മ, ഡോ. കെ പുഷ്പ എന്നിവര്‍ അവലോകന യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top