18 February Monday

മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന‌് വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

മലപ്പുറം

മകൾ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിലെ ദുരൂഹത  വീണ്ടും അന്വേഷിക്കണമെന്ന‌്  ആവശ്യപ്പെട്ട‌് വീട്ടമ്മ.  ഒലിപ്രംകടവ‌് സ്വദേശി സത്യവതിയാണ്‌ മകൾ അഞ്ജുരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന‌് ആവശ്യപ്പെട്ട‌്  വീണ്ടും പൊലീസിനെ സമീപിക്കുന്നത‌്. 
മകളെ ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി  സത്യവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ജുവിന്റെ മകൻ രണ്ടര വയസുകാരൻ അഭിനജിനൊപ്പമാണ് സത്യവതി എത്തിയത‌്.   2016 ഫെബ്രുവരി ഒന്നിനായിരുന്നു അഞ്ജുരാജിന്റെ വിവാഹം. ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി വിനീതായിരുന്നു വരൻ. 40 പവനും 75,000 രൂപയും സ്ത്രീധനം നൽകി.  കൊടുക്കാമെന്നേറ്റ പത്ത‌് സെന്റ‌് സ്ഥലത്തിന്റെ രേഖകൾ ശരിയാക്കിക്കിട്ടാൻ വൈകി. ഇതിന്റെ പേരിൽ  വിനീതും വീട്ടുകാരും അഞ്ജുവിനെ പീഡിപ്പിക്കാൻ തുടങ്ങി.  ഇടക്കിടെ പണം നൽകിയിട്ടും പീഡനം തുടർന്നു. മരണശേഷം കിട്ടിയ ഡയറിക്കുറിപ്പുകളിൽനിന്നാണ‌് മകൾ അനുഭവിച്ച കഷ്ടപ്പാടുകൾ  ഭീകരമായിരുന്നതെന്ന‌്  മനസ്സിലായത‌്. 
2018 ജനുവരി 22നാണ‌്  അഞ്ജുരാജ‌് തൂങ്ങിമരിച്ചത‌ായി പറയുന്നത‌്.  സത്യവതിയേയൊ കുടുംബത്തേയൊ അറിയിക്കാതെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക‌് കൊണ്ടുപോയി.  പോസ്റ്റ‌്മോർട്ടം  നടക്കുമ്പോൾ ശവശരീരത്തിന‌് ദുർഗന്ധമുണ്ടായിരുന്നുവെന്നും  കഴുത്തിൽ കറുത്തപാടുകളുണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.  ഉയരത്തിലുള്ള ഫാനിലേക്ക‌് ഷാൾ കുരുക്കാൻ മകൾക്ക‌് സാധിക്കില്ല.  മരിച്ചതിന്റെ തലേന്നാൾ വിനീതിന്റെ മാതൃസഹോദരൻ  അഞ്ജുവിനോട‌് വീടിനുമുമ്പിലെ ഷെഡ്ഡിൽ താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു.  മരിച്ച‌് മൂന്ന‌് മാസത്തിനുശേഷമാണ‌് അഞ്ജുവിന്റെ മൊബൈൽ ഫോൺ പൊലീസിന‌് കിട്ടുന്നത‌്.  തെ‌ളിവുകൾ നശിപ്പിക്കാൻ സാവകാശം കിട്ടി‌യതായും സത്യവതി ആരോപിച്ചു. 
നിലവിൽ തിരൂർ  ഡിവൈഎസ‌്പിയാണ‌്  കേസ‌് അന്വേഷിക്കുന്നത‌്. അഞ്ജുവിന്റ മരണശേഷം വിനീതോ  കുടുംബാംഗങ്ങളോ അഭിനജിനെ കാണാൻ വന്നിട്ടില്ല. ഇപ്പോൾ സത്യവതിയാണ‌് അഭിനജിന്റെ സംരക്ഷണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top