18 February Monday

സെയ‌്താലിക്കുട്ടി അനുസ്മരണം വിജയമാക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019
മലപ്പുറം
ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അതുല്യ പങ്ക് വഹിച്ച സെയ‌്താലിക്കുട്ടിയുടെ ഒൻപതാം ചരമവാർഷികദിനം 24ന് സമുചിതം ആചരിക്കും. വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ എം  ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.   പാർടി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ദേശാഭിമാനി ഡയറക്ടർ തുടങ്ങി ഒട്ടനവധി ചുമതലകൾ മാതൃകാപരമായി നിർവഹിച്ച സെയ‌്താലിക്കുട്ടി പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു. മലപ്പുറത്ത‌് തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്ത‌് വർധിപ്പിക്കുന്നതിന‌് അക്ഷീണം പ്രവർത്തിച്ച അദ്ദേഹം   ബഹുജനങ്ങൾക്ക‌് എന്നും സഹായിയായിരുന്നു. 
  ജനദ്രോഹ, രാജ്യദ്രോഹ നയങ്ങളിൽ റെക്കോഡ്‌ സൃഷ്ടിച്ച മോഡി സർക്കാരിനെ അധികാരത്തിൽനിന്ന‌് താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മുന്നൊരുക്കം നടക്കുന്ന സന്ദർഭത്തിലാണ് സെയ‌്താലിക്കുട്ടിയുടെ ചരമവാർഷികദിനം ആചരിക്കുന്നത്. വർഗീയ ശക്തികളെ കേന്ദ്രത്തിൽനിന്ന് പുറത്താക്കി രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സഖാവിന്റെ മാതൃക കരുത്താകുന്ന അനുസ‌്മരണ പരിപാടികളാണ‌് നാടെങ്ങും സംഘടിപ്പിക്കുക. എല്ലാ പാർടി ഘടകങ്ങളും വിപുലമായ ആശയ രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്ത് അനുസ‌്മരണ പരിപാടികൾ വിജയമാക്കണമെന്ന‌് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് അഭ്യർഥിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ അധ്യക്ഷനായി. തീരുമാനങ്ങൾ പാർടി കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ റിപ്പോർട്ട് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top