18 February Monday

ദുരന്ത പ്രതിരോധ പാഠങ്ങളുമായി എൻഡിആർഎഫ് സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019
മലപ്പുറം
ദുരന്ത നിവാരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനും പ്രളയാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത സാധ്യതകൾ വിലയിരുത്തുന്നതിനും ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെത്തി. 
ആർക്കോണത്തുനിന്ന് എൻഡിആർഎഫ് ടീം കമാൻഡർ എ കെ അമറടക്കം എട്ടുപേരാണ‌് എത്തിയത്. തിങ്കളാഴ‌്ച കലക്ടർ അമിത് മീണയുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും  കൂടിക്കാഴ്ച നടത്തി. പ്രളയം ഏറ്റവുമധികം ആഘാതമുണ്ടാക്കിയ പ്രദേശങ്ങളിൽ   31 വരെ സന്ദർശിക്കും. 
 ദുരന്തമുണ്ടാകുമ്പോൾ  ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കാൻ മുന്നൊരുക്കം ഉറപ്പാക്കുകയാണ് ദൗത്യം. ഇതിന്റെ ഭാഗമായി  ജില്ലയുടെ ഭൂമിശാസ്ത്ര സവിശേഷതകളും ദുരന്തം നേരിടാനുള്ള സംവിധാനങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. 
ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെക്കുറിച്ച് വിവരം ശേഖരിക്കും. ജില്ലാ ഭരണകാര്യാലയം തയാറാക്കിയ മാപ്പുകൾ ഇതിനായി പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കും.  മറ്റ് സാമൂഹ്യമാധ്യമങ്ങളുടെ  സാധ്യതകളും  പ്രയോജനപ്പെടുത്തും. 
ചൊവ്വാഴ‌്ച പൊന്നാനി, തിരൂർ താലൂക്കുകളിലാണ് സന്ദർശനം.  23ന‌് പൊന്നാനി എംഇഎസ് കോളേജിൽ സന്നദ്ധസംഘടനാ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർക്ക് ബോധവൽകരണ ക്ലാസ് നൽകും. 
കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്  ബോധവല്‍ക്കരണ പരിപാടി. 
24ന് തവനൂരിലെ ഓൾഡ് എയ്ജ് ഹോം സന്ദർശിക്കുന്ന ദുരന്തനിവാരണ സംഘം 26ന് മലപ്പുറം ഫയർ സ്റ്റേഷനും മഞ്ചേരി മെഡിക്കൽ കോളേജും സന്ദർശിക്കും. 27ന് ചേളാരി ഐഒസി പ്ലാന്റിലെത്തും. 
28ന് നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായ ചെട്ടിയമ്പാറ മതിൽമൂല കോളനി സന്ദർശിക്കും. നിലമ്പൂർ, കരുവാരക്കുണ്ട്,  കൽക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ 29ന് സന്ദർശിക്കും.  30ന് നിലമ്പൂർ മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധവൽക്കരണ പരിപാടി നടത്തും. വിദ്യാർഥികളും സന്നദ്ധ സംഘടനാപ്രവർത്തകരും പങ്കെടുക്കും.  
31ന് കലക്ടറുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും വീണ്ടും കൂട്ടിക്കാഴ്ച നടത്തി വിവരശേഖരണത്തിന്റെ വിശദാംശങ്ങളും നിർദേശങ്ങളും സമർപ്പിക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top