30 January Monday
‘മികവ്‌–-2022’ വിദ്യാഭ്യാസ അവാർഡ്‌ സംസ്ഥാനതല ഉദ്‌ഘാടനം

ഫിഷറീസ്‌ വിദ്യാലയങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി വി അബ്ദുറഹ്‌മാൻ

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ‘മികവ് 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം താനൂരിൽ മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കുന്നു

താനൂർ
ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ.   മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക–-സാമൂഹിക ഉന്നമനത്തിനായാണ്‌ മത്സ്യഫെഡ് രൂപീകരിച്ചത്. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന തീരദേശ വിദ്യാർഥികളെ മുന്നോട്ടുകൊണ്ടുവരാൻ രക്ഷിതാക്കളും നാട്ടുകാരും ശ്രദ്ധിക്കണം. കേരളത്തിൽ ഉന്നതവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതും പ്രവേശനം ലഭിക്കുന്നതും കൂടുതലും പെൺകുട്ടികളാണ്‌. അവരെ തടസപ്പെടുത്താതെ പഠിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ‘മികവ്‌–-2022’ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
      മത്സ്യമേഖലയിലെ പരിഷ്‌കാരം ഉൾക്കൊള്ളാനും ഉപയോഗപ്പെടുത്താനും തീരജനത തയ്യാറാകണം. മണ്ണെണ്ണ എൻജിൻ വള്ളങ്ങൾക്ക് പകരം പെട്രോളോ ഡീസലോ ഉപയോഗിക്കുന്നവ പ്രാവർത്തികമാക്കണം. സാമ്പത്തികമായ ആദായത്തിനുപുറമെ ആഴക്കടൽ മത്സ്യബന്ധനത്തിനും ഇതാണ് ഫലപ്രദം. എൻജിൻ മാറ്റാൻ 40 ശതമാനം സബ്സിഡി നൽകുന്നുണ്ട്. അടുത്ത ബജറ്റിൽ ഇത് വർധിപ്പിക്കും. ആഴക്കടൽ മത്സ്യബന്ധനത്തിന്‌ 25 മീറ്റർ നീളമുള്ള 10 പുതിയ യാനങ്ങൾ ഉടൻ കൊണ്ടുവരും–- മന്ത്രി പറഞ്ഞു.
    താനൂര്‍ ടീവീസ് ഹാളിലെ ചടങ്ങ്‌ പുറത്തൂരിലെ തോണിദുരന്തത്തിൽ അനുശോചിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷനായി. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ വിശിഷ്ടാതിഥിയായി. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ്  ജില്ലാ മാനേജർ ഇ മനോജ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ സി പി രാമദാസ്, രഘുനാഥൻ, കാറ്റാടി കുമാരൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബേബി ഷീജ കോഹൂർ, കെ ബൈജു, പി പി സൈതലവി, കെ എ റഹീം, ഹുസൈൻ ഈസ് പാടത്ത്, മുസ്തഫ വടക്കയിൽ എന്നിവർ സംസാരിച്ചു.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ആദ്യ ഡോക്ടർ സുല്‍ഫത്തിനെയും എംജി യൂണിവേഴ്സിറ്റിയിൽ ബിഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയിൽ നാലാംറാങ്ക് നേടിയ പി പി റിസ്വാന റഹ്‌മാനെയും അനുമോദിച്ചു. മൂവായിരം രൂപവീതം ക്യാഷ് അവാർഡും ഫലകവുമാണ്‌ നൽകുന്നത്‌. ജില്ലയിൽ 44 വിദ്യാർഥികളാണ്‌ ഇതിന്‌ അർഹരായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top