പൊന്നാനി
അധികാര വികേന്ദ്രീകരണം കേരളം ലോകത്തിന് കാണിച്ച ഏറ്റവും വലിയ മാതൃകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ടി വൈ അരവിന്ദാക്ഷൻ അനുസ്മരണ പൊതുസമ്മേളന ഉദ്ഘാടനവും സ്മരണിക പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അധികാരംമാത്രം കൈമാറുകയല്ല അതിനോടൊപ്പം സമ്പത്തും വികേന്ദ്രീകരിച്ച് ജനങ്ങൾക്ക് ആവശ്യമുള്ളത് കൈകളിലെത്താൻ സാധിച്ചു. ഇതോടെ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന സാധനങ്ങൾ ജനങ്ങൾ സ്വീകരിക്കേണ്ട അവസ്ഥ ഒഴിവായി.
കാറിൽ തൊട്ടതിന്റെ പേരിൽ കുട്ടിയെ കെട്ടിയിട്ട് മർദിക്കുന്ന അധ്യാപകരുള്ള രാജ്യത്തിന്റെ പേരായി ഇന്ത്യ മാറുന്നു. ഇത് പുതിയ ദ്രോണാചാര്യൻമാരുണ്ടായി വരുന്നു എന്നതിന്റെ ഉദാഹരണമാണ്. സമ്പത്തിനുവേണ്ടി എന്തുംചെയ്യാൻ മടിക്കാത്തവരായി നാട് മാറുന്നു. വിദ്യഭ്യാസ രംഗത്ത് നേടിയ നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുന്നതാണിത്. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. അജിത് കൊളാടി, എം വി ശ്രീധരൻ, അഡ്വ. ഇ സിന്ധു, ടി വി ശൂലപാണി, പ്രൊഫ. മുഹമ്മദ് ഇഖ്ബാൽ, എം എസ് മോഹനൻ, പ്രൊഫ. ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. സി പി മുഹമ്മദ് കുഞ്ഞി സ്വാഗതവും പി ഇന്ദിര നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..