എടക്കര
ജില്ലയിൽ മലയോര ഹൈവേ ആദ്യ റീച്ച് പ്രവൃത്തി 95 ശതമാനം പൂർത്തീകരിച്ചു. പൂക്കോട്ടുപാടംമുതല് മൂത്തേടം കാറ്റാടിവരെയുള്ള 15 കിലോമീറ്ററിൽ വനാതിർത്തി പങ്കിടുന്ന ചില ഭാഗങ്ങളിൽമാത്രമാണ് തീരാനുള്ളത്. കഴിഞ്ഞ ദിവസം കാറ്റാടിമുതൽ അവസാനഘട്ട ടാറിങ് തുടങ്ങി. പോത്ത്കല്ല് പഞ്ചായത്തിലെ ചാത്തമുണ്ടമുതൽ മുണ്ടേരി ഫാം ഗേറ്റ് വരെയുള്ള ഭാഗത്തെ പത്ത് കിലോമീറ്റർ ദൂരവുമുള്ള പ്രവൃത്തി_അതിവേഗം പുരോഗമിക്കുകയാണ്.
കിഫ്ബി ഫണ്ടുപയോഗിച്ചാണ് മലയോരത്തിന്റെ മുഖം മാറ്റുന്ന ഹൈവേ. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 8.40 മീറ്റര്‍ ടാറിങ്ങും വശങ്ങളില് നടപ്പാതയുമുണ്ട്. ഇതോടൊപ്പം ഡ്രെയിനേജും കേബിള്‍ ഡക്ട് സംവിധാനവും ഒരുക്കും. ആധുനിക രീതിയിലുള്ള ബസ്ബേ, ഡ്രെയിനേജ്, റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി പ്ലാസ്റ്റിക്, റബര്‍ എന്നിവ ഉപയോഗിച്ചാണ് പാതയൊരുങ്ങുന്നത്.
പ്രവൃത്തി കഴിഞ്ഞയുടനെ റോഡുകളില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനും കേബിള്‍ ഇടുന്നതിനും റോഡ് വെട്ടിക്കുഴിക്കുന്ന അവസ്ഥക്കും മാറ്റംവരുത്തുന്ന രീതിയിലാണ് നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല. ഹൈവേ യാഥാർഥ്യമാവുന്നതോടെ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലേക്ക് വ്യാപാരം ഉൾപ്പെടെ വലിയ വികസന മുന്നേറ്റത്തിനാണ് വഴിയൊരുങ്ങുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..