13 November Wednesday

ആരാരുമില്ലാത്തവർക്ക്‌ താങ്ങായി പെൻഷനേഴ്‌സ്‌ യൂണിയൻ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

ജില്ലാ സെക്രട്ടറി സി ജി താരാനാഥൻ തുക കൈമാറുന്നു

 
പൊന്നാനി
ജീവിത സായാഹ്നത്തിൽ ആരോരുമില്ലാതെ ജീവിതം തള്ളിനീക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ. യൂണിയൻ രക്ഷാധികാരിയും കടവനാട് മേഖലാ കൺവീനറുമായിരുന്ന റിട്ട. അധ്യാപകൻ കടവനാട് കണ്ണത്ത് വേലപ്പൻ മാഷ് തന്റെ പ്രിയ പത്നിയും റിട്ട. അധ്യാപികയുമായ പി ഇന്ദിരയുടെ സ്മരണാർഥം നൽകിയ ഒരുലക്ഷം രൂപ  സംഘടനയുടെ  പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ബാങ്കിൽ നിക്ഷേപിച്ചു. 
ഓരോ വർഷം കൂടുമ്പോഴും അതിൽനിന്ന് കിട്ടുന്ന പലിശയാണ് പാവപ്പെട്ടവർക്ക്  ആശ്വാസമായി നൽകുന്നത്. അർഹരായവരെ കണ്ടെത്തി വർഷത്തിൽ ഒരാൾക്ക് സഹായം നൽകും.
കർഷകത്തൊഴിലാളിയായിരുന്ന വാർളി കുളത്ത് താമസിക്കുന്ന ചേനാത്തയിൽ അറമുഖ (75)നാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്. അറമുഖനും ഭാര്യ മാളുവും ഒറ്റക്കാണ് താമസം. കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസഹായംകൂടാതെ എഴുന്നേൽക്കാൻപോലും കഴിയാത്ത അറമുഖന് ഏക ആശ്രയം ഭാര്യയാണ്. മൂന്ന് മാസത്തെ തുക ഒരുമിച്ചാണ് യൂണിയൻ കൈമാറിയത്. 
യൂണിയൻ ജില്ലാ സെക്രട്ടറി സി ജി താരാനാഥൻ വസതിയിലെത്തി തുക കൈമാറി. ഭാരവാഹികളായ ടി സുഭാഷ്, എ രാമകൃഷ്ണൻ, ടി ചന്ദ്രശേഖരൻ,  ടി വി ഹരിദാസൻ, ടി ശശിധരൻ, സദാനന്ദൻ, ഇ പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.
പ്രധാന വാർത്തകൾ
 Top