13 November Wednesday

കവളപ്പാറയുടെ കവിളിൽ തലോടി

സുരേഷ്‌ പൂവത്തിങ്കൽUpdated: Monday Oct 21, 2019

 

എടക്കര 
കവളപ്പാറയുടെ കവിളിലൊഴുകിയ കണ്ണീർ തുടച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ സന്ദർശനം. പ്രളയം മുക്കിയ നിലമ്പൂരിൽ അവശേഷിക്കുന്ന ഏക ദുരിതാശ്വാസ ക്യാമ്പിൽ ഞായറാഴ്‌ച പകലാണ്‌ അദ്ദേഹം എത്തിയത്‌.
പോത്ത്കല്ല് സിറ്റി ടവർ ഓഡിറ്റോറിയത്തിൽ കുഞ്ഞിളം മനസ്സുകൾക്കൊപ്പം കൂട്ടുകൂടിയും അവരെ തലോടിയും പുണർന്നും ഗവർണർ സാന്ത്വനമായി മാറി.   ക്യാമ്പിൽ കവളപ്പാറയിലെ 20  കുടുംബങ്ങളാണുള്ളത്. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് അവർ ഇനിയും മോചിതരായിട്ടില്ല. ഗവർണറും ഭാര്യ രേഷ്മയും കലക്ടർ ജാഫർ മലിക്കിനോട് എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടാകണം ഏറെ നേരം കുട്ടികളുമായി ചെലവഴിച്ചു. 
ദുരന്തത്തിൽ കുടുംബത്തിലെ എട്ടുപേർ നഷ്ടപ്പെട്ട, കൂട്ടത്തിലെ മുതിർന്ന കുട്ടി സനിലയെ ചേർത്തുനിർത്തി നന്നായി പഠിക്കണമെന്ന് ഗവർണർ ഉപദേശിച്ചു. ഒരുമിച്ച്  ഫോട്ടോയെടുക്കണമെന്ന സനിലയുടെ അഭ്യർഥന വന്നതോടെ ക്യാമ്പിലെ മുഴുവൻ കുട്ടികളേയും ചേർത്തുനിർത്തി ഫോട്ടോ എടുക്കാനും അദ്ദേഹം തയാറായി.  ക്യാമ്പിലെ മുഴുവൻ പേരേയും എത്രയും വേഗം പുനരധിവസിപ്പിക്കുമെന്നും കുട്ടികളുടെ തുടർ ജീവിതത്തിനും പഠനത്തിനും  നടപടിയെടുക്കുമെന്നും ഉറപ്പുനൽകിയാണ്‌ ഗവർണർ മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top