20 November Wednesday
നിലമ്പൂരിലെ പ്രളയനഷ്ടം

കേന്ദ്ര സഹായം ലഭ്യമാക്കാൻ ഇടപെടും: ഗവർണർ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

സാന്ത്വനക്കരുത്ത്‌... ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പോത്തുകല്ല് സിറ്റി ടവറിലെ ദുരിതാശ്വാസക്യാമ്പിൽ കുഞ്ഞിനെ താലോലിക്കുന്നു

 

 
എടക്കര 
പ്രളയം നാശംവിതച്ച നിലമ്പൂരിന് കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദംചെലുത്തുമെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉരുൾപൊട്ടലുണ്ടായ കവളപ്പാറ  സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഞായറാഴ്ച പകല്‍ 11.45ന്   മലയോരത്തെത്തിയ ഗവർണർ ആദ്യം ഉരുൾപൊട്ടൽ തുടച്ചുനീക്കിയ പാതാർ അങ്ങാടി സന്ദർശിച്ചു. തുടർന്ന് കവളപ്പാറ ദുരന്തഭൂമിയിലെത്തിയ അദ്ദേഹം കലക്ടർ ജാഫർ മലിക്കിനോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. 59 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ ഇനിയും 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്നത്‌ കലക്ടർ ധരിപ്പിച്ചു. കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം നാട്ടുകാർക്കുറപ്പ് നൽകി. ഭാര്യ രേഷ്മ ആരിഫ് ഖാനും ഒപ്പമുണ്ടായി.  ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന പോത്ത്കല്ല് സിറ്റി ടവർ സന്ദർശിച്ചു. കവളപ്പാറ കോളനിയിലെ കുട്ടികളടക്കം  56 പേരാണിവിടെയുള്ളത്. ഇവരോട് കാര്യങ്ങൾ തിരക്കിയ ഗവർണർ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും കാര്യങ്ങൾ വിശദീകരിക്കുമെന്ന് അറിയിച്ചു.   ഡെപ്യൂട്ടി കലക്ടർ അരുൺ,  ജില്ലാ പൊലീസ് മേധാവി പി കെ അബ്ദുൾ കരീം, പി വി അബ്ദുൾ വഹാബ് എംപി, ഡെപ്യൂട്ടി തഹസിൽദാർമാരായ പി വി മുരളീധരൻ, സുഭാഷ് ചന്ദ്രബോസ്, പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ള എന്നിവർ അനുഗമിച്ചു.
പ്രധാന വാർത്തകൾ
 Top