13 November Wednesday

പെരിന്തൽമണ്ണയിൽ ലേല–-നിക്ഷേപകസംഗമം നവംബറിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

പെരിന്തൽമണ്ണ
നഗരസഭ നിർമിക്കുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങളിലും ടൗൺഷിപ്പ് -കം വ്യവസായ ഹബ്ബിലും സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരുടെ ലേല –നിക്ഷേപകസംഗമം നടത്തും. 
നവംബർ 20നും 21നും കേരള ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് –- 2 (കെഐസി –- 2) എന്ന പേരിൽ ഷിഫ കൺവൻഷൻ സെന്ററിലാണ്‌ സംഗമം. നഗരസഭ നാല്‌ നിലകളിലായി നിർമിക്കുന്ന അത്യാധുനിക ഇൻഡോർ മാർക്കറ്റിൽ 127 മുറികളും അഞ്ച്‌ നിലകളിലായി നിർമിക്കുന്ന ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സിൽ 103 മുറികളുമടക്കം 230 കടമുറികളാണ്‌ ലേലംചെയ്യുക. ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സിലെ മൂന്നും നാലും നിലകളിലായി വരുന്ന ഭക്ഷണശാല, തിയറ്റർ, കളിസ്ഥലം, ഡോർമെറ്ററി എന്നിവയ്ക്ക് താൽപ്പര്യ പത്രം വാങ്ങുകയുംചെയ്യും. 
ലേലം ഉറപ്പിച്ചയാൾ നിക്ഷേപ സംഖ്യയുടെ 50 ശതമാനം തുക ഒരാഴ്ചക്കകം നഗരസഭയിൽ അടയ്ക്കണം. തുടർന്ന് അഞ്ച്‌ മാസത്തിനുശേഷം 35 ശതമാനം അടയ്ക്കുകയും ബാക്കിവരുന്ന 15 ശതമാനം ഒരുവർഷംകൊണ്ട് നിർമാണം കഴിഞ്ഞ് മുറി ഏറ്റെടുക്കുമ്പോഴും അടയ്ക്കണം. 
സംഗമത്തിൽ പങ്കെടുത്ത് നിക്ഷേപസംഖ്യ മുൻകൂർ അടയ്ക്കുന്നതിനാൽ മുറി ഏറ്റെടുത്ത് ഒരുവർഷം നിശ്ചയിച്ച വാടകയുടെ 50 ശതമാനം പ്രതിമാസം അടച്ചാൽ മതി. സംഗമത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനായി പ്രത്യേക ഹെൽപ് ഡെസ്ക് 23 മുതൽ നഗരസഭാ കാര്യാലയത്തിൽ പ്രവർത്തനമാരംഭിക്കും. ഹെൽപ് ഡെസ്‌ക്കിലെത്തിയോ  വാട്സാപ്‌ വഴിയോ 500 രൂപ മുൻകൂർ നൽകി രജിസ്റ്റർചെയ്യാം. 
വാണിജ്യ മുറികളുടെ ലേലത്തിൽ പങ്കെടുക്കുന്നവർ ടോക്കൺ ലഭിക്കാൻ 25,000 രൂപ  കെട്ടിവയ്ക്കണം. ഇതിനായി ലേല ഹാളിൽ പ്രത്യേകം കൗണ്ടറുകളുണ്ടായിരിക്കും. വ്യവസായ നിക്ഷേപം നടത്താൻ സന്നദ്ധതാപത്രം 10,000 രൂപ ഫീസോടെ പൂരിപ്പിച്ചുനൽകുന്ന നിക്ഷേപകനെ വ്യവസായ സംരംഭകത്വത്തിന് തെരഞ്ഞെടുക്കും. 
പണം കെട്ടിവച്ച് സംഗമത്തിൽ കടമുറിയോ സ്ഥലമോ ലഭിക്കാത്ത സംരംഭകരുടെ നിരതദ്രവ്യം അന്നുതന്നെ മടക്കിനൽകുമെന്നും നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top