24 October Thursday
കവർന്നത്‌ ഒരു കോടിയോളം രൂപ

കടകളിൽ വണ്ടിച്ചെക്ക്‌ നൽകി തട്ടിപ്പ്: പ്രതി പിടിയില്‍

സ്വന്തം ലേഖകന്‍Updated: Saturday Sep 21, 2019
 
 
കൊണ്ടോട്ടി
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വണ്ടിച്ചെക്ക് നൽകി ഒരു കോടിയോളം രൂപയുടെ സാധനങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കൽ ആന്തിയൂർകുന്ന് ചക്കടം പാറമ്മൽ ഫർസാന മൻസിൽ മുജീബ് റഹ്മാൻ (39) ആണ് അറസ്റ്റിലായത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് ഇയാൾ വണ്ടിച്ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയത്. കൊണ്ടോട്ടി പതിനേഴിലെ പഴേരി കൂളിങ് സിസ്റ്റം ഉടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. രണ്ട് പ്രാവശ്യമായി 9 എസിയാണ് ഈ കടയിൽനിന്നും വാങ്ങിയത്. 3,17,000 രൂപക്ക് ചെക്ക് നൽകിയെങ്കിലും ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്. കൊണ്ടോട്ടി പൊലീസ് പുത്തൂർ പള്ളിക്കലിൽനിന്നാണ് ഇയാളെ വ്യാഴാഴ്ച രാത്രി 11 ഓടെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് കൂടുതൽ സ്ഥാപന ഉടമകൾ പരാതിയുമായെത്തി. കൊണ്ടോട്ടി, മഞ്ചേരി കണ്ണംകണ്ടി ഷോപ്പുകളില്‍നിന്നും ലക്ഷം രൂപയുടെ എസി, ഫ്രിഡ്ജ്, അലക്ക് മെഷിൻ എന്നിവയും വണ്ടിച്ചെക്ക് നൽകി വാങ്ങി. എടവണ്ണയിലെ മലങ്ങാടൻ ഫർണിച്ചറിൽനിന്ന് 2.25 ലക്ഷം രൂപയുടെ ഫർണിച്ചര്‍, തിരൂർ യുണൈറ്റഡില്‍നിന്നും 1,81,000 രൂപയുടെ എസിയും കൈക്കലാക്കി.
തൃശൂരിലെ എസ്ജി ഇലക്ട്രോണിക്സിൽനിന്ന് 2.50 ലക്ഷത്തി​ന്റെ സാധനങ്ങളാണ് കൊണ്ടുപോയത്. മഞ്ചേരിയിലെ ഒലിക്സിൽനിന്ന് 6,50,000 രൂപയുടെ ഇറ്റാലിയൻ മാർബിള്‍, കോഴിക്കോട് സെന്റ് ജോർജ് ഇലക്ട്രോണിക്സിൽനിന്ന് 10,91,000 രൂപയുടെ സാധനങ്ങളും ചെക്ക് നൽകി വാങ്ങി. കോഴിക്കോട് ഒരു കൂളിങ് സ്ഥാപനത്തിൽനിന്നും 4.50 ലക്ഷം രൂപയുടെ സാധനങ്ങളും തട്ടിയെടുത്തു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു.
കേസിൽ ആറ് പേർകൂടി ഉൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രധാന പ്രതി പുത്തൂർ പള്ളിക്കൽ റഫീഖ്, തിരുവനന്തപുരം സ്വദേശി ജിനേഷ് എന്നിവരെ പൊലീസ് തെരയുന്നു. 
2013 മുതൽ മുജീബ് റഹ്മാനെതിരെ പരാതിയുണ്ട്. ആദ്യം പണം നൽകി സ്ഥാപനത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റും. പിന്നീട് ചെക്ക് നൽകി സാധനങ്ങൾ കൊണ്ടുപോകുന്നതാണ് രീതി. കടകളില്‍ ആഡംബര കാറുകളിലാണ് എത്തുക. 
തട്ടിയെടുക്കുന്ന സാധനങ്ങൾ ഫ്ളാറ്റുകളിൽ  താമസിക്കുന്നവരെ കേന്ദ്രീകരിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കും. കൊണ്ടോട്ടി എസ്ഐ വിനോദ് വലിയാട്ടൂർ, എഎസ്ഐ സുലൈമാൻ, ആരിഫ, ഫമിത്ത്, വിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
 Top