21 October Monday
വീട് ചാലിയാര്‍ കവര്‍ന്നു

തറയിളകിയ സ്വപ്‌നങ്ങൾ ബാക്കി

ടി വി സുരേഷ്‌Updated: Wednesday Aug 21, 2019

വെള്ളംകയറി വാസയോഗ്യമല്ലാതായ വീട്ടിൽ തിരിച്ചെത്തിയ ശാരദ ടിവി വൃത്തിയാക്കുന്നു

 

കീഴുപറമ്പ്
വെള്ളംപൊങ്ങി ഇളകിയ അടിത്തറ. പലഭാഗത്തും വിള്ളൽ. തറമ്മൽ ശാരദയും രണ്ട്‌ മക്കളും ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ തിരിച്ചെത്തിയപ്പോൾ വീടിന്റെ അവസ്ഥ ഇതാണ്‌.  80 മീറ്റർ അപ്പുറത്തുള്ള ചാലിയാർ ഗതിമാറിയൊഴുകിയാണ്‌ ശാരദയുടേതുൾപ്പെടെ പ്രദേശത്തെ മുഴുവൻ വീടുകളും വെള്ളത്തിൽ മുങ്ങിയത്‌. കൈയിൽക്കിട്ടിയതൊക്കെ എടുത്താണ്  ശാരദയും മക്കളും  രക്ഷപ്പെട്ടത്.  
ദിവസങ്ങളോളം ഈർപ്പം തങ്ങിനിന്നതിനാൽ വീട്‌ വാസയോഗ്യമല്ല. വീട്ടിൽ താമസിക്കരുതെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പും നൽകി.   സഹോദരന്റെ വീട്ടിലാണ്‌ ശാരദയും രണ്ട്‌ മക്കളും ഇപ്പോൾ താമസം. ഇങ്ങനെ എത്രനാൾ കഴിയുമെന്നാണ്‌ ശാരദയുടെ ആധി. ഭീതികൂടാതെ കഴിയാൻ ഒരു കൂരയെന്നതാണ് ഇവരുടെ സ്വപ്നം. പ്രദേശത്തെ  മമ്മുണ്ണിയുടെ വീടിന്റെ  പകുതിയും ചാലിയാറെടുത്തു. തറമ്മൽ സുബ്രഹ്മണ്യന്റെ വീടിന് നാലുഭാഗത്തും വിള്ളലുണ്ട്‌.  ഏതുനിമിഷവും വീട് നിലംപൊത്തുമെന്ന്‌ ഭയന്നാണ്‌ സുബ്രഹ്മണ്യനും കുടുംബവും  കഴിയുന്നത്. 
തറമ്മൽ കോളനി നിവാസികൾക്ക് ഇത്രകണ്ട്‌ നാശംവിതച്ച വെള്ളപ്പൊക്കം ഇതാദ്യമാണ്. കോളനിയിലെ 14 കുടുംബങ്ങളാണ് ദുരിതത്തിലായത്.  പാഠപുസ്തകങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ,  റേഷൻ കാർഡ്, ഭൂമിയുടെ ആധാരം, ആധാർ കാർഡ്, ബാങ്ക്‌ പാസ് ബുക്ക്, എടിഎം തുടങ്ങി  എല്ലാം നഷ്ടപ്പെട്ടതിന്റെ കഥകളാണ് കോളനിക്കാർക്ക് പറയാനുള്ളത്. കീഴുപറമ്പിൽമാത്രം നൂറുകണക്കിന് വീടുകളുടെ മുറ്റത്ത് വെള്ളവും ചെളിയും നിറഞ്ഞു. ഏറനാട്ടിൽ   60 വീടുകൾ പൂർണമായും 459 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്‌. വീട് വാസയോഗ്യമല്ലാതായ മുഴുവനാളുകൾക്കും ബന്ധുവീടുകളിലും അയൽപ്പക്ക വീടുകളിലുമായി താൽക്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top