25 July Sunday

തിളക്കമില്ലാതെ 
‘ഇശൽ നക്ഷത്രം’

വിനോദ് തലപ്പള്ളിUpdated: Monday Jun 21, 2021

മോളി റാവു

 

 
തിരൂർ
"യാ റസൂലേ സലാം’ എന്ന ഗാനം ആലത്തിയൂർ അമ്പലപ്പടിയിലെ അനുപല്ലവിയിൽനിന്നും വർഷങ്ങൾക്കുശേഷം ഒരിക്കൽകൂടി ഉയർന്നു. എന്നാൽ  ശബ്ദമിടറുന്നുവെന്ന് പറഞ്ഞ് നിർത്തുമ്പോൾ ഹാർമോണിയത്തി​ന്റെ കമ്പികളിൽ വീണ കണ്ണീരിന് പൊള്ളുന്ന ചൂടായിരുന്നു. ഒരു കാലത്ത് മാപ്പിളപ്പാട്ട് ലോകത്തെ ആവേശഭരിതമാക്കിയ ‘ഇശൽ നക്ഷത്രം’  മോളി റാവു (60) വിധിയെ പഴിക്കാതെ തന്റെ പഴയ സംഗീതകാലത്തേക്ക് പോകുകയായിരുന്നു. തമിഴ് ചലച്ചിത്ര സംഗീത സംവിധായകൻ നാരായണ റാവുവിന്റെ മകളാണ്‌ മോളി റാവു. സംഗീതം ജൻമസിദ്ധമായി കിട്ടിയ പ്രതിഭ. മദ്രാസിലെ ജെമിനി  സ്റ്റുഡിയോയിൽനിന്നും വിട്ടിറങ്ങിയ നാരായണ റാവുവെന്ന മംഗലാപുരത്തുകാരൻ കുടുംബവുമായി മലപ്പുറത്തേക്ക് കുടിയേറുകയായിരുന്നു. 
തുടർന്ന് സംഗീത ഉപകരണ അധ്യാപനത്തോടൊപ്പം മക്കളുമൊത്ത് കല്യാണ ആഘോഷങ്ങളെ രാഗാർദ്രമാക്കി. നാരായണ റാവുവും മക്കളായ ജഗദീഷ്, ബാബു, മോളി, ചിത്ര എന്നിവരും ചേർന്ന സംഗീത നിശകൾ മലബാറിലെ കല്യാണ ആഘോഷങ്ങളിലെ ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. ചെറുപ്രായത്തില്‍തന്നെ മോളി റാവു ഒരു പ്രൊഫഷണല്‍ ഗായികയായി മാറിയിരുന്നു.  പ്രശസ്ത ഗായകരും ട്രൂപ്പുകളും മോളിയെ തേടിയെത്തി. കല്യാണ പ്രോഗ്രാമുകളില്‍ വച്ചാണ്  മാപ്പിളപ്പാട്ടുകള്‍ പഠിക്കുന്നതും ഇതിലേക്ക് തിരിയുന്നതും. ഇതോടെ മോളി ഒരു സമ്പൂര്‍ണ ഗായികയാവുകയായിരുന്നു. മോളിയെ തേടി മാപ്പിളപ്പാട്ട് ഗായകരായ വി എം കുട്ടി, കെ ടി മുഹമ്മദ് കുട്ടി, എ വി മുഹമ്മദ്, പീര്‍ മുഹമ്മദ്, മൂസ എരഞ്ഞോളി, പള്ളിക്കല്‍ മൊയ്‌തീന്‍  തുടങ്ങിയ പ്ര​ഗത്ഭർ എത്തി. നാട്ടിലും മറുനാട്ടിലും മോളി  പരിപാടികള്‍ നടത്തി.  
സ്വന്തമായി രണ്ട് ഗ്രാമഫോണുകളില്‍ എട്ടോളം പാട്ടുകള്‍ റെക്കോഡ്‌ ചെയ്തിരുന്നു. വിവാഹ ശേഷം മോളിക്ക് സംഗീതലോകത്തുനിന്നും വിട്ടുനിൽക്കേണ്ടിവന്നു. ഇത് മാനസികമായി തളർത്തി. പിന്നാലെ തൈറോയിഡ് രോഗംകൂടി വന്നു. ഇതോടെ ശബ്ദസൗകുമാര്യം നഷ്ടപ്പെട്ടു. പിന്നീട് കഴിഞ്ഞ 7 വർഷം എറണാകുളത്തെ സെന്റ്‌ ജോസഫ് കോൺവെന്റിൽ വാർഡനായിരുന്നു. ഇതിനിടെ കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നിർത്തി നാട്ടിലേക്ക്‌ തിരിച്ചു. 
60 വയസ്സ് തികഞ്ഞുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ കലാകാരൻമാർക്കുള്ള പെൻഷന്‌ അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലശേഷം തൊഴിലുറപ്പ് ജോലിക്ക് പോകാനൊരുങ്ങുകയാണ് ഈ കലാകാരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top