29 July Thursday

ജില്ല കൈയിലൊതുക്കാൻ ഐ ഗ്രൂപ്പ്‌

സ്വന്തം ലേഖകന്‍Updated: Monday Jun 21, 2021

 

പൊന്നാനി 
ജില്ലാ കോൺഗ്രസിൽ പിടിമുറുക്കാൻ ഐ ഗ്രൂപ്പ് ഒരുക്കം. ഡിസിസി പ്രസിഡന്റ്‌ സ്ഥാനം കൈയിലാക്കാനുള്ള നീക്കങ്ങൾ പി ടി അജയ് മോഹന്റെ നേതൃത്വത്തിലാണ്‌ നടത്തുന്നത്‌.  ഇതിന്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയുടെ പിന്തുണയുമുണ്ട്‌. തന്റെ വീട്ടിലെത്തിയ രമേശ് ചെന്നിത്തലയെ സ്വീകരിക്കാനെന്ന പേരിൽ ജില്ലയിലെ മുഴുവൻ ഐ ഗ്രൂപ്പ് പ്രമുഖരെയും പി ടി അജയ് മോഹൻ ഞായറാഴ്‌ച വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.  ഇതിൽ പങ്കെടുക്കാത്ത കെപിസിസി സെക്രട്ടറിമാരായ എം വി ശ്രീധരന്റെയും ടി കെ അഷ്റഫിന്റെയും വീട്ടിലെത്തി രമേശ് ചെന്നിത്തല ചർച്ച നടത്തി. 
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച കെ പി അനിൽ കുമാറിനെ ജില്ലയിൽ ഐ ഗ്രൂപ്പ് കൈവിട്ടിട്ടുണ്ട്‌. ഇതിനാൽ അനിൽ കുമാറിനെ അറിയിക്കാതെയായിരുന്നു യോഗം. ഐ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന എം പി ഗംഗാധരനെതിരെ ഗ്രൂപ്പിനകത്ത് രൂപപ്പെട്ട എ പി അനിൽ കുമാർ–-പി ടി അജയ് മോഹൻ കൂട്ടായ്മയാണ് ഇപ്പോൾ വഴിപിരിയുന്നത്. 
നേരത്തെ, തനിക്ക് രാഷ്ട്രീയ മേൽവിലാസമുണ്ടാക്കിയ കെ മുരളീധരനെ മന്ത്രി പദവിക്കായി അനിൽ കുമാർ കൈവിട്ടപ്പോഴും ഈ സഖ്യം വഴിപിരിഞ്ഞിരുന്നില്ല.
അതേസമയം, ഐ ഗ്രൂപ്പ് മാനേജർമാരുടെ ഇടപെടൽ മുൻനിർത്തി  പ്രതിപക്ഷ നേതൃപദവിക്കായുള്ള അവകാശവാദം ചെന്നിത്തല ഉപേക്ഷിക്കാൻ തയ്യാറായിരുന്നെങ്കിലും  അനിൽ കുമാറും സംഘവും വ്യാമോഹിപ്പിച്ച്  പിന്നീട്‌ കാലുവാരിയെന്നാണ്‌ ഒരുവിഭാഗത്തിന്റെ ആക്ഷേപം.
ഇത്തരം വഞ്ചകർക്കൊപ്പം ഇനി രാഷ്ട്രീയ യാത്ര സാധ്യമാകില്ല എന്ന അജയ് മോഹന്റെ നിലപാടിനാണ്‌ രമേശ്‌ ചെന്നിത്തല സമ്പൂർണ പിന്തുണ നൽകുന്നത്‌. കെ പി അബ്ദുൽ മജീദ്, റഷീദ് പറമ്പൻ, വി ബാബുരാജ് തുടങ്ങിയ പ്രമുഖ ഐ ഗ്രൂപ്പ്‌ നേതാക്കളും ഇവർക്ക്‌ ഒപ്പമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top