16 July Thursday

മട്ട്‌ മാറി മട്ടുപ്പാവ്‌

പി എ സജീഷ്‌Updated: Thursday May 21, 2020
 
പൊന്നാനി 
അത്യാവശ്യത്തിനുമാത്രം കൃഷിചെയ്‌തിരുന്ന മട്ടുപ്പാവായിരുന്നു പെരുമ്പടപ്പ് കോടത്തൂരിലെ പടിക്കവളപ്പിൽ രവിയുടെ വീടിന്റേത്‌.  എന്നാൽ ലോക്ക് ഡൗൺ കാലത്ത്‌ ഈ മട്ടുപ്പാവിന്റെ മട്ടുമാറി. 800 സ്ക്വയർ ഫീറ്റ് വീടിന്റെ മട്ടുപ്പാവിൽ പയറും വെണ്ടയും വഴുതനങ്ങയും കുമ്പളങ്ങയും ചീരയും വെള്ളരിയും നിറഞ്ഞു. ലോക്ക് സൗൺ കാലത്ത് ഒരുദിവസത്തെ പച്ചക്കറിപോലും പുറത്തുനിന്ന് വാങ്ങിയിട്ടില്ലെന്ന് രവി പറയുന്നു. സ്വന്തം ആവശ്യത്തിനുള്ളത്‌ എടുത്ത്‌ ബാക്കിയുള്ളവ അയൽവാസികൾക്ക്‌ നൽകും.  ആവശ്യക്കാർക്ക്‌ പച്ചക്കറിവിത്തുകളും നൽകും.  വിത്തുകൾ കൃഷി വകുപ്പിൽനിന്നും‌ സുഹൃത്തുക്കളിൽനിന്നും ലഭിക്കാറുണ്ടന്നും രവി പറയുന്നു. രവിയുടെ കൃഷി  നേരിൽ കണ്ട കൃഷിവകുപ്പ്  1000 രൂപ പ്രോത്സാഹന സമ്മാനം നൽകി.  10 വർഷംമുമ്പ് കുരുമുളകും കറിവേപ്പിലയും നട്ടായിരുന്നു തുടക്കം. അതിൽ വിജയിച്ചതോടെ കൃഷി ജിവിതത്തിന്റെ ഭാഗമായി. രവിക്ക്‌ കട്ട സപ്പോർട്ടുമായി ഭാര്യ പുഷ്പയും കൃഷിയിൽ സജീവം.   
രവിയും  പുഷ്പയും ഹൃദയസംബന്ധമായ അസുഖമുള്ളവരാണ്‌. 10 വർഷംമുമ്പ് പുഷ്പക്ക് ഹൃദയവാൽവ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ രവിയെയും ഹൃദ്രോഗം വേട്ടയാടി.  ആൻജിയോപ്ലാസ്റ്റി ചെയ്തു. മരുന്നിന് മാത്രം വലിയ തുക വേണം. വീട്ടിൽ വെളിച്ചെണ്ണ, സോപ്പ് നിർമാണവും തുടങ്ങിയിട്ടുണ്ട്‌. എരമംഗലം കളത്തിൽപടിയാൽ ടൈലറിങ്‌ ഷോപ്പ് നടത്തുകയാണ് രവി. തയ്യൽ തൊഴിലാളി യൂണിയൻ എകെടിഎ യുടെ എരമംഗലം യൂണിറ്റ് സെക്രട്ടറിയാണ്.
പ്രധാന വാർത്തകൾ
 Top