02 December Wednesday

വസൂരി തോറ്റ കാലം

ആദർശ്‌ ജോസഫ്‌Updated: Saturday Mar 21, 2020
 
മലപ്പുറം
"എന്റെ അച്ഛനും അമ്മയും വസൂരി പിടിച്ചാ മരിച്ചത്‌. രണ്ടാളുടെയും മരണംപോലും അറിയിച്ചില്ല. കത്തിച്ച്‌ കളഞ്ഞതായി പിന്നീട്‌ അറിഞ്ഞു.' മലപ്പുറം എംഎസ്‌പി ക്യാമ്പിന്‌ സമീപം നമ്പ്യാർതൊടിയിൽ ദേവകിയുടെ സ്വരമിടറി. 
കോവിഡ്‌ 19 പകർച്ചവ്യാധിയുടെ കാലത്ത്‌ ഈ 88കാരിയുടെ ഓർമകളിൽ നിറയെ ഭീതിയുടെ വസൂരിക്കാലമാണ്‌. മലപ്പുറത്തിന്‌ സമീപ പ്രദേശങ്ങളിലെ പലരെയും ചികിത്സക്കായി എത്തിച്ചിരുന്നത്‌  എംഎസ്‌പി ആശുപത്രിയിലായിരുന്നു. വസൂരി രോഗികൾക്ക്‌  പ്രത്യേക കെട്ടിടമായിരുന്നു. വസൂരിപ്പുര എന്നായിരുന്നു അതിന്‌ പേര്‌. ഇതിനടുത്തായിരുന്നു ദേവകിയുടെ വീട്‌. അന്ന്‌ ദേവകിക്ക്‌ നാല്‌ വയസ്സ്. "ഇടയ്ക്ക്‌ ചിലര്‌ വേലിക്കൽ വന്ന്‌ കുട്ടിയെ ഇത്തിരി ഭക്ഷണം തരുവോ എന്ന്‌ ചോദിക്കും. ഭക്ഷണം പാത്രത്തിലാക്കി ദൂരെ വച്ച്‌ കൊടുക്കും'. വസൂരിക്കാലത്തെ ഭീതിയും ദൈന്യതയും ഇവരുടെ വാക്കുകളിൽ വ്യക്തം. ഇന്നത്തെ എംസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിന്‌ സമീപത്തെ കല്ലുവെട്ടുകുഴിയിൽ പലരെയും ജീവനോടെതന്നെ കുഴിച്ചിട്ടതായി കേട്ടിട്ടുള്ളതായി ദേവകി പറയുന്നു. 
കോവിഡ്‌ 19‌ ‌പ്രതിരോധം കാരണം ഗൾഫിൽനിന്നെത്തിയ സഹോദരന്റെ മക്കൾക്ക്‌ തന്നെ കാണാനെത്താനായില്ലെന്ന്‌ അവർ പറഞ്ഞു. "അവർ ഇപ്പോൾ കാണാൻ വരണ്ട, രോഗം വരാതെ ഇരിക്കട്ടെ. ഇപ്പോ നമുക്ക്‌ നല്ല ആശുപത്രിയുണ്ടല്ലോ. സർക്കാർ എല്ലാം നന്നായി നോക്കുന്നുണ്ടല്ലോ.. നമ്മൾ സൂക്ഷിച്ചാൽ മതി'. വസൂരിക്കാലത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസമുണ്ട്‌ ആ വാക്കുകളിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top