04 April Saturday

സന്തോഷമുയർത്താം സർക്കാർ കൂടെ...

പി എ സജീഷ്Updated: Friday Feb 21, 2020
 
പൊന്നാനി 
കായിക മേഖലയിലെ മികവിന്‌ സർക്കാർ ജോലി ലഭിച്ചതിന്റെ  സന്തോഷത്തിൽ കടവനാട് ചെമ്പ്ര വീട്ടിൽ കൃഷ്ണകുമാറും കുടുംബവും. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാന–-ദേശീയ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ കൃഷ്ണകുമാറിന് 
എൽഡി ക്ലർക്ക്‌ നിയമനം. സ്‌പോർട്‌സ്‌ ക്വോട്ടയിൽ വെയ്റ്റ് ലിഫ്റ്റിൽ നിയമനം നേടുന്ന മൂന്ന് പേരിൽ ജില്ലയിലെ എക വ്യക്തിയാണ് 25കാരൻ.
2010ൽ സ്കൂൾ പഠനകാലത്താണ് വെയ്റ്റ്‌ ലിഫ്‌റ്റിങ്ങിൽ കൃഷ്‌ണകുമാർ പരിശീലനം തുടങ്ങിയത്.  കായികപ്രേമിയായ അച്ഛൻ ബാബുവായിരുന്നു പ്രചോദനം.  എവി ഹൈസ്കൂളിലും എംഐ ഹയർ സെക്കൻഡറിയിലുമായിരുന്നു സ്‌കൂൾകാലം. തുടർന്ന്‌  തൃശൂർ കേരളവർമ്മ കോളേജിലെ അഞ്ച് വർഷമാണ്‌  ചാമ്പ്യൻപട്ടത്തിലേക്കെത്തിച്ചത്‌. ജോലിക്കായി ഏറെ അലഞ്ഞിരുന്നു. ഇന്ത്യൻ കസ്റ്റംസിൽ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ചാണ്‌ സംസ്ഥാന സർവീസിലേക്കെത്തുന്നത്‌.   ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിലേക്കുള്ള പരിശീലനത്തിലാണ് കൃഷ്ണകുമാർ.  ജില്ലയിൽ നല്ല പരിശീലന കേന്ദ്രം ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടന്നും സർക്കാർ ഇതിന് പരിഹാരം കാണുമെന്നാണ്‌ പ്രതീക്ഷയെന്നും കൃഷ്ണകുമാർ പറയുന്നു. അമ്മ: വിജയ. സഹോദരൻ: യദു കൃഷ്ണൻ.
പ്രധാന നേട്ടങ്ങൾ
2010ൽ ദേശീയ മത്സരത്തിൽ നാലാം സ്ഥാനം. മിനി ഗെയിംസിലും നാലാം സ്ഥാനം. 2011ൽ ദേശീയ ജൂനിയർ ലെവലിൽ മൂന്നാം സ്ഥാനം. 2012ൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ രണ്ടാം സ്ഥാനം. 2013ലും 14ലും   മൂന്നും രണ്ടും സ്ഥാനങ്ങൾ. 2015ൽ തൃശൂരിൽ നടന്ന ദേശീയ മത്സരത്തിൽ നാലാം സ്ഥാനം. 2017ൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ഗോൾഡ് മെഡൽ.
പ്രധാന വാർത്തകൾ
 Top