08 December Wednesday

കായികമേഖലയിൽ തൊഴിലവസരങ്ങൾ*സൃഷ്ടിക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കലിക്കറ്റ്‌ സർവകലാശാല സ്‌പോർട്‌സ്‌ ഹോസ്റ്റൽ ശിലാസ്ഥാപനം മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു

തേഞ്ഞിപ്പലം
വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലേക്ക്‌ കായിക മേഖലയെ മാറ്റുമെന്ന്‌ മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയുടെ ആദ്യ അഖിലേന്ത്യാ ഫുട്‌ബോൾ കിരീടനേട്ടത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും കായിക ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തെ കായികക്ഷമത ഉറപ്പുവരുത്തുന്ന സംസ്ഥാനമാക്കും. പ്രൈമറിതലം മുതൽ സ്‌പോർട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കാനും കളിക്കളങ്ങൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്‌. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കായിക പരിശീലന സൗകര്യം വരും. ആയോധന കലകൾക്കായി ജില്ലാ കേന്ദ്രങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. മൂന്നു നിലകളിലായാണ്‌ പുതിയ കായിക ഹോസ്റ്റൽ കെട്ടിടം ഒരുക്കുക. രണ്ട് നിലകൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. മൂന്നു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് വിസ്തീർണം 1707 ചതുരശ്ര മീറ്ററാണ്. കലിക്കറ്റിന്‌ ആദ്യ അഖിലേന്ത്യാ കിരീടം നേടിക്കൊടുത്ത ടീമിനെയും മന്ത്രി ആദരിച്ചു. പി അബ്ദുൾ ഹമീദ് എംഎൽഎ മുഖ്യാതിഥിയായി. സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, എൻ വി അബ്ദുറഹ്മാൻ, യൂജിൻ മൊറേലി, ഡോ. എം മനോഹരൻ, ഡോ. പി റഷീദ് അഹമ്മദ്, മുൻ കായിക വിഭാഗം മേധാവി ഇ ജെ ജേക്കബ്‌, ആദ്യ കിരീടം നേടിയ ടീമിന്റെ പരിശീലകൻ സി പി എം ഉസ്മാൻ കോയ, ടീമംഗം എം ഐ മുഹമ്മദ്‌ ബഷീർ, കായിക വിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, കെ പി സേതുമാധവൻ എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ. ഇ കെ സതീഷ് സ്വാഗതവും സെനറ്റ്‌ അംഗവും ആദ്യമായി അഖിലേന്ത്യാ കിരീടം നേടിയ ടീമിന്റെ ക്യാപ്‌റ്റനുമായ വിക്ടർ മഞ്ഞില നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top