08 December Wednesday

തെളിനീരൊഴുകും *‘തണ്ണീർച്ചോല’

സ്വന്തം ലേഖകൻUpdated: Wednesday Oct 20, 2021

കോഡൂർ പഞ്ചായത്തിലെ തണ്ണീർച്ചോല വെള്ളച്ചാട്ടം

മലപ്പുറം
പാറക്കെട്ടുകൾക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന അരുവി. ചിതറി തെറിക്കുന്ന വെള്ളത്തുള്ളികളിൽ മഴവില്ലഴക്‌.  മനോഹര കാഴ്‌ചകൾക്ക്‌ താഴെ നീന്തിത്തുടിക്കാൻ ചെക്ക്‌ ഡാം.- നിലമ്പൂരിലോ വയനാട്ടിലോ  ഉള്ള വെള്ളച്ചാട്ടത്തെക്കുറിച്ചാണ്‌ പറയുന്നതെന്ന്‌ കരുതിയെങ്കിൽ തെറ്റി. മലപ്പുറം നഗരത്തിൽനിന്ന്‌ ഏതാനും കിലോമീറ്റർ അകലെ കോഡൂർ പഞ്ചായത്തിലെ ഏഴാം വാർഡ്‌ ചട്ടിപറമ്പിലെ ‘തണ്ണീർച്ചോല’ വെള്ളച്ചാട്ടമാണിത്‌. അംഗീകൃത വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിലും  നിരവധിപേർ ഇവിടെയെത്തുന്നുണ്ട്‌. ഈസ്‌റ്റ്‌  കോഡൂർ വലിയതോടിന്റെ  ഉത്ഭവ സ്ഥാനത്താണ്‌ തണ്ണീർച്ചോല‌. ഏകദേശം അമ്പത്‌ വർഷം മുമ്പ്‌ ജലസേചന വകുപ്പ്‌ നിർമിച്ച ഈ ചെക്ക്‌ ഡാമിൽനിന്നാണ്‌ കോഡൂരിലെ വലിയാട്‌ ഭാഗം വരെ കൃഷിയാവശ്യത്തിനായി ജലം കൊണ്ടുപോയിരുന്നത്.  പ്രാദേശിക ഭരണ സംവിധാനത്തിന്റെ അവഗണനയാണ്‌ വികസനം പ്രതിസന്ധിയിലാക്കിയത്‌. ഗതാഗത സൗകര്യ കുറവ്‌ മറ്റൊരു പരിമിതിയാണ്‌. സുരക്ഷാ സംവിധാനങ്ങളൊരുക്കി വികസിപ്പിച്ചാൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകും  തണ്ണീർച്ചോല.
വിദൂരമല്ല വഴികൾ
ഈസ്‌റ്റ്‌ കോഡൂർ ചകിരിമില്ല്‌ ജങ്‌ഷനിൽനിന്നും ജുമാഅത്ത്‌ പള്ളി–- എടാട്ടുപാറ റോഡ്‌ വഴി രണ്ടര കിലോമീറ്റർ സഞ്ചാരിച്ചാൽ‌ തണ്ണീർച്ചോലയിൽ എത്താം. ഇതിൽ ഒരുകിലോമീറ്റർ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയുള്ള ഒറ്റയടി പാതയിലൂടെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top