15 November Friday

ജില്ലയിൽ അയ്യായിരത്തോളം പഠിതാക്കൾ "സമ'യിലൂടെ പത്തുകടക്കാം

ആർ ഹണീഷ‌്കുമാർUpdated: Sunday Oct 20, 2019

 

 
മലപ്പുറം
പത്താംതരവും പ്ലസ്‌ടുവും പാസാകാത്ത കുടുംബശ്രീ പ്രവർത്തകരുണ്ടെങ്കിൽ വിഷമിക്കേണ്ട. ഇവർക്ക്‌ പഠിക്കാനും പാസാകാനുമായി സാക്ഷരതാ മിഷന്റെ "സമ' പദ്ധതി ഉടൻ ആരംഭിക്കും. ജില്ലയിലെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകരാണ്‌ സാക്ഷരതാ മിഷന്റെ പത്ത്, പ്ലസ് ടു തുല്യതാ കോഴ്‌സുകളിൽ  പഠിതാക്കളാകാൻ ഒരുങ്ങുന്നത്‌. 
    ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 50 പഠിതാക്കളുൾപ്പെടുന്ന പഠന സെന്ററുകൾ ഉണ്ടാകും. പത്തുമാസം ദൈർഘ്യമുള്ള കോഴ്‌സ്‌ രജിസ്‌ട്രേഷൻ ഈ മാസം പൂർത്തിയാക്കും. സിഡിഎസ്‌ മുഖേന പഠിതാക്കളെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്‌ കുടുംബശ്രീ അധികൃതർ. 
സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും പത്താംതരം, ഹയർ സെക്കൻഡറി യോഗ്യതയുള്ളവരാക്കി മാറ്റാനാണ് സാക്ഷരതാ മിഷൻ ലക്ഷ്യമിടുന്നത്. 48 ലക്ഷം കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇവരിൽ പകുതിയോളം പത്താംതരം യോഗ്യത ഇല്ലാത്തവരാണ്.  പഠിതാക്കൾക്കുള്ള കോഴ്സ് ഫീസും പരീക്ഷാഫീസും രജിസ്‌ട്രേഷൻ ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്‌ വഹിക്കുക. സാധാരണ തുടർവിദ്യാകേന്ദ്രങ്ങളിൽ കോ –- ഓർഡിനേറ്ററും അധ്യാപകരും സാക്ഷരതാ പ്രവർത്തകരായിരുന്നെങ്കിൽ ‘സമ’യിൽ കുടുംബശ്രീ പ്രവർത്തകരായിരിക്കും കോ–- ഓർഡിനേറ്ററും അധ്യാപകരും.
ഔപചാരികതലത്തിൽ ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ കോഴ്സ് പാസായവർക്കും പത്താംതരം തുല്യതാ കോഴ്സിൽ ചേരാം. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി 22. ഔപചാരികതലത്തിലെ പത്താം ക്ലാസ് അല്ലെങ്കിൽ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സ് വിജയിച്ചവർക്കും പ്ലസ്‌ടു കോഴ്‌സിന്‌ ‘സമ’യിലൂടെ രജിസ്റ്റർചെയ്യാം.

 

പ്രധാന വാർത്തകൾ
 Top