24 October Thursday

ബില്ല് വാങ്ങാൻ മറക്കല്ലേ...

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

മലപ്പുറം

പാചക വാതക സിലിണ്ടറിന്റെ ബില്ല് ഉപഭോ​ക്താക്കൾ നിർബന്ധമായും ചോദിച്ച് വാങ്ങണമെന്നും ബില്ലിലെ തുകയോടൊപ്പം വിതരണ സ്ലാബ് കണക്കാക്കിയുള്ള കൃത്യമായ ചാർജും ചേർത്ത് പണം നൽകാൻ ശ്രദ്ധിക്കണമെന്നും ജില്ലാ എൽപിജി ഓപ്പൺ ഫോറം. ബില്ല് നൽകാതെയും തൂക്കം കുറച്ചും അധിക ചാർ‍‍ജ് ഈടാക്കുന്നുണ്ടെങ്കിൽ ഏജൻസിയിൽ പരാതിപ്പെടണമെന്നും കലക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ ഉദ്യോഗസ്ഥർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ബില്ല് നൽകാതിരിക്കൽ, സിലിണ്ടറിന്റെ തൂക്കം കുറയ്‌ക്കൽ, തോന്നിയപോലെ വിതരണ ചാർജ് ഈടാക്കൽ തുടങ്ങി വ്യാപക പരാതികളാണ്‌ ഉപഭോക്താക്കൾ അദാലത്തിൽ ഉന്നയിച്ചത്‌. വിതരണ ഏജൻസികളിൽ പരാതി നൽകിയിട്ടും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കർശന നടപടിയെടുക്കാനാണ്‌ തീരുമാനം.
 
വില അറിയാൻ ഏജൻസിയിൽ വിളിക്കാം
പാചക വാതകത്തിന്റെ വില അറിയാൻ ഉപഭോ​ക്താക്കൾക്ക് ഏജൻസികളുടെ നമ്പറിൽ വിളിക്കാം. 
ബുക്ക് ചെയ്ത്‌ ​സിലിണ്ടർ വീട്ടിൽ എത്തുമ്പോൾ ബില്ല് ചോദിച്ച് വാങ്ങി പറഞ്ഞ കാശ് മാത്രം നൽകിയാൽ മതി. ​ഗ്യാസ് ഏജൻസി പോയിന്റിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് വിതരണ ചാർജില്ല. അഞ്ചുമുതൽ പത്ത് കിലോമീറ്റർ പരിധിയിലുള്ളവർ 30 രൂപയും 15 കിലോമീറ്റർ പരിധിയിലുള്ളവർ 35 രൂപയും അതിന് മുകളിലുള്ളവർ 45 രൂപയുമാണ് നൽകേണ്ടത്. വിതരണ ചാർജുകളിൽ അധികം ഈടാക്കുന്നത് കുറ്റകരമാണ്. 14.2 കിലോ ആണ്  എൽപിജിയുടെ തൂക്കം. സിലിണ്ടറിന്റെ തൂക്കം അതിന് മുകളിലും രേഖപ്പെടുത്തിയിരിക്കും. ​സിലിണ്ടർ വീട്ടിലെത്തുമ്പോൾ അളന്ന് കൃത്യത ഉറപ്പുവരുത്തണം. വിതരണ വാഹനങ്ങളിൽ തൂക്കയന്ത്രങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ ഉപഭോക്താക്കൾ മറ്റ് മാർ​ഗങ്ങൾ തേടേണ്ടതില്ല. വിതരണ സമയത്തുതന്നെ സംശയം ഒഴിവാക്കണം. കാലപ്പഴക്കമുള്ളതും സുരക്ഷിതമല്ലാത്തതുമായ സിലിണ്ടർ സ്വീകരിക്കരുത്.  മാറ്റിയെടുക്കണം. അംഗീകാരമില്ലാത്ത കമ്പനികളുടെ ട്യൂബുകളും പൈപ്പുകളും വാങ്ങരുത്.
അപകടസാധ്യതയോ അപകടങ്ങളോ ഉണ്ടായാൽ ഏജൻസികളെ അറിയിക്കണം. അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരിരക്ഷ ലഭിക്കാൻ കമ്പനികളുടെ സുരക്ഷാ പരിശോധന ഉപഭോക്താക്കൾ നടത്തിയിരിക്കണം.  238 രൂപയാണ് ഉപഭോക്താവ് പരിശോധനക്ക് നൽകേണ്ടത്.
പ്രളയത്തിൽപ്പെട്ടവർക്ക്‌ പ്രത്യേക അപേക്ഷ
പ്രളയത്തിൽ സിലിണ്ടറുകൾ നഷ്ടമായവർക്ക് പ്രത്യേക അപേക്ഷ നൽകിയാൽ സിലിണ്ടറുകൾ ലഭിക്കും. 2300 രൂപ വിലയുള്ള ഒരു സിലിണ്ടർ സർക്കാർ സബ്സിഡിയിൽ 1450 രൂപക്ക് ലഭിക്കും. 2018ൽ അപേക്ഷ നൽകിയവർക്കെല്ലാം റിബേറ്റ് നിരക്കിൽ നൽകിയിട്ടുണ്ട്‌. 2019ലെ പ്രളയത്തിൽ സിലിണ്ടർ നഷ്ടമായ അപേക്ഷകർക്ക് ഉടൻ വിതരണംചെയ്യും. 
 
അപകടമുണ്ടായാൽ 1906ൽ വിളിക്കാം
പാചക വാതക അപകടങ്ങളുണ്ടായാൽ ഉപഭോക്താക്കൾ 1906 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണം. വിതരണത്തിലെ മറ്റ് പരാതികൾക്ക് അതത് ഏജൻസികളുടെ ഓഫീസ് നമ്പറുകളിൽ വിളിക്കാം. ഉപഭോക്താക്കൾക്കുപുറമെ വിതരണക്കാരിൽനിന്നും ഏജൻസികളിൽനിന്നും പരാതികൾ ലഭിച്ചു. എല്ലാ പരാതികളും കാലതാമസംകൂടാതെ പരിഹരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. പരാതികൾ കൂടുന്നതിനാൽ മൂന്ന് മാസം കൂടുമ്പോൾ  ജില്ലാ എൽപിജി ഓപ്പൺ ഫോറം സംഘടിപ്പിക്കും. എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ ജില്ലാ സപ്ലൈസ് ഓഫീസര്‍ കെ രാജീവ്, താലൂക്ക് സപ്ലൈ ഓഫീസർമാർ, ഏജൻസി പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top