22 October Tuesday

ഗതാഗത നിയമം തെറ്റിച്ചാൽ സിനിമ കാണാം!

സ്വന്തം ലേഖകൻUpdated: Friday Sep 20, 2019
 
മലപ്പുറം
ഗതാഗത നിയമം തെറ്റിച്ചാൽ തിയറ്ററിൽ സിനിമ കാണാം! എന്നാപ്പിന്നെ നിയമം തെറ്റിച്ചേക്കാമെന്ന്‌ കരുതേണ്ട.  ബോധവൽക്കരണത്തിനായുള്ള ഹ്രസ്വചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്. അഞ്ചുമുതൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ്‌ പ്രദർശനത്തിനുണ്ടാവുക.   യൂണിറ്റ് നവീകരണത്തിന്റെ ഭാ​ഗമായി മലപ്പുറം ട്രാഫിക് എൻഫോഴ്സ്മെന്റാണ് പിഴക്കൊപ്പം ബോധവൽക്കരണ സിനിമാ പ്രദർശനവും നടത്തുന്നത്‌.  സ്റ്റേഷനിലെ തിയറ്ററിലായിരിക്കും വീഡിയോ ക്ലാസ്‌.  ഇതിനായുള്ള ആധുനിക  മിനി തിയറ്റർ നിർമാണത്തിന്റെ 90 ശതമാനം പണിയും പൂർത്തിയായി. സ്റ്റേഷൻ നവീകരണ ഉദ്ഘാടനത്തോടെ തുറക്കും. 
സ്റ്റേഷനുമുന്നിൽ ട്രാഫിക് ബോധവൽക്കരണ പാർക്കും തുറക്കുന്നുണ്ട്. നിർമാണം പുരോ​ഗമിക്കുകയാണ്. പൂക്കളും പുല്ലുകളും കൊണ്ടലങ്കരിക്കുന്ന പാർക്കിൽ ഗതാഗത നിയമങ്ങളടങ്ങിയ സന്ദേശ ബോർഡുകൾ, പ്രതിമകൾ, ലൈറ്റുകൾ എന്നിവ ഒരുക്കും.  സ്പോൺസർഷിപ്പ്‌ മുഖേനയാണ് പാർക്കിന്റെ നിർമാണം. രണ്ടാഴ്ചമുമ്പ് ആരംഭിച്ച സ്റ്റേഷൻ നവീകരണം  ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.  ഗതാഗത നിയമങ്ങൾ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കാനാണ്‌ വേറിട്ട രീതി നടപ്പാക്കുന്നതെന്ന്‌ യൂണിറ്റ് എസ്ഐ കെ വി കുര്യൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top