20 September Friday

കൃഷിനഷ്ടം 165 കോടിയിലേറെ

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019
മലപ്പുറം
പ്രളയത്തിൽ ജില്ലയിൽ 165 കോടിയിലധികം രൂപയുടെ കൃഷി നശിച്ചതായി കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്‌. 3630 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു. 30,815 കർഷകർക്കാണ്‌ നഷ്‌ടം. നിലമ്പൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശം. 1360 ഹെക്ടറിൽ 15 കോടിയിലധികം രൂപയുടെ നാശമുണ്ടായി. മൂവായിരത്തോളം കർഷകരെ ഇവിടെ നേരിട്ട്‌ ബാധിച്ചു.
ഓണവിപണി ലക്ഷ്യമിട്ട്‌ നടത്തിയ  വാഴകൃഷിയിലാണ് കർഷകർക്ക് ഏറെ നഷ്ടം. 20 ലക്ഷത്തിലധികം വാഴയാണ് വെള്ളക്കെട്ടിൽ നശിച്ചത്.  തെങ്ങ്, റബർ, ജാതിക്ക, കവുങ്ങ് തുടങ്ങിയ വിളകളും വെള്ളംകയറിയും കാറ്റിലും  നശിച്ചു. 392 ഹെക്ടർ നെൽകൃഷിയും 242.24 ഹെക്ടറിൽ കിഴങ്ങുകൃഷിയും നശിച്ചു. ഓണത്തിനായി ഒരുക്കിയ 458 ഹെക്ടർ പച്ചക്കറിയും വെള്ളംകയറി നശിച്ചു. 
58 ഹെക്ടറിലെ ഇഞ്ചിയും 57.52 ഹെക്ടറിൽ കുരുമുളകും നശിച്ചു. 33,963 തെങ്ങും 1,27,864 കവുങ്ങും കടപുഴകി. കനത്ത കാറ്റിൽ 61,258 റബർ മരവും 6232 ജാതി മരവും നശിച്ചു. റബർ കൃഷിയിൽമാത്രം 6.35 ലക്ഷം രൂപയാണ്‌ നഷ്ടം.  എള്ള്, കപ്പ  തുടങ്ങിയവയേയും പ്രളയംബാധിച്ചു. 690 ഹെക്ടറിലാണ്‌ കപ്പകൃഷിക്ക്‌ നാശം. നിലമ്പൂരിനുപുറമെ ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ കാർഷിക മേഖലയെയാണ് പ്രളയം കൂടുതൽ ബാധിച്ചത്.
പ്രധാന വാർത്തകൾ
 Top