26 May Sunday

തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്കിടെ ബിജെപിക്കാര്‍ കല്യാണ വീട് ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

കാളികാവ്
വയനാട് പാര്‍ലമെ​ന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ റോഡ് ഷോയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കല്യാണ വീട് ആക്രമിച്ചു. 
രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാളികാവ് പൂങ്ങോട് ആനപ്പട്ടത്ത് അലവിയുടെ കല്യാണം നടക്കുന്ന  വീട്ടിലേക്കാണ് രാത്രി എട്ടോടെ ബിജെപി ആക്രമണം നടത്തിയത്.
നാട്ടുകാര്‍ മുന്‍കൈയെടുത്താണ് അന്ധനായ അലവിയുടെ മകളുടെ വിവാഹം നടത്തുന്നത്. വീട്ടിലെ സ്ഥല പരിമിതിമൂലം വീടി​ന്റെ മുന്നിലെ റോഡിനെതിര്‍വശമാണ് ഭക്ഷണം വിളമ്പാന്‍ പന്തലൊരുക്കിയത്. തിരക്കുള്ള വണ്ടൂര്‍ കാളികാവ് റോഡ് മുറിച്ചുകടന്നാണ് വീട്ടില്‍നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള അതിഥികള്‍ പന്തലിലേക്കെത്തിയിരുന്നത്. 
അതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ഇതുവഴി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക് അകമ്പടിയായി അമിത വേ​ഗത്തില്‍ ബൈക്കില്‍ വന്ന പ്രവര്‍ത്തകരോട് നാട്ടുകാരില്‍ ചിലര്‍ വേ​ഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്താണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിന് തുടക്കം കുറിച്ചത്. 
കല്യാണ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ബിജെപിക്കാരെ നാട്ടുകാര്‍ ചെറുത്തു. പിരിഞ്ഞുപോയ ബിജെപി പ്രവര്‍ത്തകര്‍ സമീപത്തെ ഹോട്ടലിനുമുന്നില്‍ കൂട്ടിയിട്ടിരുന്ന മരക്കഷ്ണങ്ങളുമായി കല്യാണ വീട്ടിലേക്ക് തിരികെയെത്തി അതിഥികളെ ആക്രമിക്കുകയായിരുന്നു. ഞങ്ങള്‍ ബിജെപിയാണെന്നും, ആര്‍ക്കാണ് തടയാന്‍ ധൈര്യമെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. മരക്കഷ്ണം കൊണ്ടുള്ള അടിയിലാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. 
ബിജെപിയൊഴികെ വിവിധ രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ടവര്‍ ആക്രമണ സമയത്ത് വിവാഹ വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുള്‍പ്പെടെ ബിജെപി അക്രമികളെ ചെറുത്തതിനൊടുവിലാണ് അക്രമി സംഘം തിരിച്ചുപോയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top