24 May Friday

വയനാട്ടിൽ യുഡിഎഫ‌് കള്ളപ്പണമൊഴുക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
 
നിലമ്പൂർ 
കോൺഗ്രസ‌് അധ്യക്ഷൻ  രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ  വൻതോതിൽ കള്ളപ്പണം ഒഴുക്കുന്നതായി സൂചന. മണ്ഡലത്തിൽ എൽഡിഎഫ‌് വിജയക്കുതിപ്പ‌് നടത്തുന്നത‌് വ്യക്തമായതോടെ പരാജയ ഭീതിയിലായ കോൺഗ്രസ‌് വൻതോതിലാണ‌് പണമെറിയുന്നത‌്. കോൺഗ്രസ‌് അധ്യക്ഷൻ മത്സരിക്കുന്നതിനാൽ ഡൽഹിയിൽനിന്ന് നേരിട്ടാണ‌് പണമെത്തിക്കുന്നത‌്. മലപ്പുറം മണ്ഡലത്തിലും യുഡിഎഫ‌് വൻതോതിൽ  പണമൊഴുക്കുന്നുണ്ട‌്. 
ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം   മഞ്ചേരി, തവനൂർ, മലപ്പുറം, വേങ്ങര, മങ്കട, ഏറനാട്, വണ്ടൂർ, കൊണ്ടോട്ടി, കോട്ടക്കൽ, പെരിന്തൽമണ്ണ, തിരൂരങ്ങാടി, താനൂർ, പൊന്നാനി, തിരൂർ നിയമസഭ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സർവെയലൻസ് സ്‌ക്വാഡ് 1.4 കോടി രൂപയും  ഫ്ലയിങ് സ്‌ക്വാഡ് 1.35 ലക്ഷം രൂപയും പിടിച്ചെടുത്തു. തവനൂർ മണ്ഡലത്തിൽ നടത്തിയ പരിശോധനയിലാണ് ഫ്ലയിങ് സ്‌ക്വാഡ് ഏറ്റവും കൂടുതൽ പണം കണ്ടെത്തിയത്. 3,72,000 രൂപ. കോട്ടക്കൽ മണ്ഡലത്തിൽനിന്ന‌് സ്റ്റാറ്റിക് സർവെയലൻസ് ടീം സ്വർണവും പിടിച്ചെടുത്തു. സ്റ്റാറ്റിക് സർവെയലൻസ് സ്‌ക്വാഡ‌് മലപ്പുറം നിയമസഭാ  മണ്ഡലത്തിൽമാത്രം നടത്തിയ പരിശോധനയിൽ 2,37,080 രൂപ പിടിച്ചെടുത്തു.    തെരഞ്ഞെടുപ്പ് ചെലവായി ഒരു സ്ഥാനാർഥിക്ക‌് 75 ലക്ഷം രൂപവരെ ചെലവഴിക്കാനാണ‌് ഇലക്ഷൻ കമീഷൻ അനുമതിയുള്ളത‌്. എന്നാൽ, കോൺഗ്രസ‌് ദേശീയ നേതൃത്വംതന്നെ രണ്ടുകോടിയിലേറെ ഓരോ സ്ഥാനാർഥിക്കും എത്തിക്കുന്നുണ്ട‌്. കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥിയും സിറ്റിങ്‌ എംപിയുമായ എം കെ രാഘവൻ കഴിഞ്ഞ തവണ എഐസിസി രണ്ടുകോടി രൂപ നൽകിയതായി ഒളിക്യാമറ വിവാദത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പതിന്മടങ്ങാണ‌് ചെലവഴിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.  രാഹുൽ ഗാന്ധി മത്സരരംഗത്തിറങ്ങിയതോടെ പണത്തിന്റെ കുത്തൊഴുക്ക‌് വർധിച്ചതായാണ‌് ആരോപണം. വയനാട്ടിലെ കർണാടക അതിർത്തിവഴിയും നാടുകാണി ചുരംവഴിയുമാണ് പണമെത്തുന്നത്.   അനധികൃത പണത്തിന്റെ ഒഴുക്ക് തടയാനായി രൂപീകരിച്ച സ്‌ക്വാഡുകൾ വാഹനപരിശോധനയടക്കമുള്ളവ ഊർജിതമാക്കിയിട്ടുണ്ട്. യാത്രയിൽ 20,000 രൂപയിൽ അധികം കൈയിൽ കൊണ്ടുനടക്കുന്നവർ പണത്തിന്റെ ഉറവിടം, ആവശ്യമടക്കമുള്ള വിവരങ്ങൾ സാധൂകരിക്കാനാവശ്യമായ രേഖകൾകൂടി കൈയിൽ കരുതണം.
പ്രധാന വാർത്തകൾ
 Top