22 July Monday

ന്യൂനപക്ഷ സംരക്ഷണത്തിന‌് ഇടതുപക്ഷംമാത്രം: ബൃന്ദ കാരാട്ട‌്

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019

 

മലപ്പുറം
ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മുത്തലാഖ‌് ബില്ല‌ിനെതിരെ വോട്ട‌് ചെയ്യാൻ പാർലമെന്റിൽ എത്താതിരുന്ന എംപി ഏത‌് സമുദായത്തിന്റെ താൽപ്പര്യമാണ‌് സംരക്ഷിക്കുന്നതെന്ന‌് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുത്തലാഖ‌് ബില്ല‌് അവതരിപ്പിച്ചപ്പോൾ തത്വാധിഷ്ഠിത നിലപാടോടെ എതിർത്ത‌ത‌് ഇടതുപക്ഷംമാത്രമാണ‌്. പി കെ ശ്രീമതി എംപിയാണ‌് ഇതിനെതിരെ ശക്തമായി പ്രതികരിച്ചത‌്. പ്രതിപക്ഷമായ കോൺഗ്രസിന്റെയോ സഖ്യകക്ഷിയായ ലീഗിന്റെയോ എംപിമാർ ഈ ബില്ലിനെതിരെ പ്രതികരിച്ചില്ല. ഭാര്യയെ ഉപേക്ഷിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാരെ ശിക്ഷിക്കണമെന്നാണ‌്  ഈ നിയമം പറയുന്നത‌്. ഭാര്യയെ ഉപേക്ഷിക്കുന്നവർ എല്ലാ മതത്തിലുമുണ്ട‌് എന്നിരിക്കെ ന്യൂനപക്ഷക്കാരെമാത്രം ശിക്ഷിക്കുന്നത‌് എന്തിന്റെ അടിസ്ഥാനത്തിലാണ‌്? ഇത്തരത്തിൽ എല്ലാ മതത്തിലെയും പുരുഷന്മാരെ ശിക്ഷിക്കുകയാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടിവരിക ആരെന്ന‌് ജനങ്ങൾക്ക‌് അറിയാമെന്നും ബൃന്ദ പറഞ്ഞു. അത്താണിക്കൽ, പെരിന്തൽമണ്ണ, ആലത്തിയൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ എൽഡിഎഫ‌് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ. 
പലയിടത്തും മതേതര വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളത‌്. മോഡി സർക്കാരിനെപോലെ പ്രകടമായി ഭരണഘടനയെ ആക്രമിച്ച സർക്കാർ കേന്ദ്രത്തിൽ മുമ്പ‌്  ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ സേനാ വിഭാഗങ്ങളെ "മോഡി സേന' എന്നാക്കാൻ ശ്രമിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിച്ചവരെ രാജ്യദ്രോഹികളാക്കി. ഇപ്പോൾ ഭീകരവാദ കേസിൽ ജാമ്യത്തിലിറങ്ങിയ ആളെ ബിജെപി സ്ഥാനാർഥിയാക്കി.
 ബിജെപിയുടെ വർഗീയതക്കെതിരെ മതനിരപേക്ഷതയിൽ ഊന്നിയ ഐക്യത്തോടെയുള്ള പോരാട്ടം വേണം. ഇതിന‌് എതിരായ നിലപാടാണ് കോൺഗ്രസിന്റേത‌്. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കും. ഇതിന്റെ ഗുണം ബിജെപിക്കാണ‌്. ദാരിദ്ര്യത്തിനെതിരെ സർജിക്കൽ സ‌്ട്രൈക്കെന്നാണ‌് രാഹുൽ ഗാന്ധി പറയുന്നത‌്. ഇന്ദിരാ ഗാന്ധിയുടെ മുദ്രാവാക്യവും ദാരിദ്ര്യനിർമാർജനം എന്നതായിരുന്നു. ഈ മുദ്രാവാക്യം വർഷങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിന‌് ഏറ്റെടുക്കേണ്ടി വരുന്നത‌് പിന്തുടരുന്ന നയത്തിന്റെ വൈകല്യമാണ‌്. ഈ നയം മാറ്റണമെന്നാണ‌് ഇടതുപക്ഷം പറയുന്നത‌്.ബൃന്ദ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top