17 August Saturday

നാളെ കൊട്ടിക്കലാശം: മാറ്റത്തിന്റെ കാഹളം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019

 

 

മലപ്പുറം

ലോക‌്സഭാ തെരഞ്ഞെടുപ്പിന് മൂന്നുദിവസംമാത്രം ശേഷിക്കെ എൽഡിഎഫ‌് തികഞ്ഞ വിജയപ്രതീക്ഷയിൽ. ശക്തമായ പ്രചാരണവുമായി ഒന്നരമാസമായി നാടിനെ ഇളക്കിമറിക്കാനായതിന്റെ ആത്മവിശ്വാസമാണ‌് എൽഡിഎഫിന്റെ കൈമുതൽ. ഓരോ വീട്ടിലും ഏഴും എട്ടും തവണ കയറിയിറങ്ങി തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം ജനങ്ങൾക്ക‌് വിവരിച്ചുകൊടുക്കാൻ എൽഡിഎഫിനായി. എല്ലാ വീടുകളിലും സ്ലിപ്പ‌് വിതരണവും പൂർത്തിയാക്കി.

   ഞായറാഴ‌്ച കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന‌് തിരശ്ശീലവീഴും. തിങ്കളാഴ‌്ച നിശ്ശബ്ദ പ്രചാരണവും കഴിഞ്ഞ‌് 23ന‌് വോട്ടർമാർ പോളിങ‌് ബൂത്തിലേക്ക‌് നീങ്ങും.  ഇത്തവണ  ജില്ല മാറ്റത്തിന‌് കാതോർക്കുകയാണെന്നാണ‌് പ്രചാരണരംഗം നൽകുന്ന സൂചന. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ പ്രചാരണരംഗത്ത‌് തുടക്കംമുതൽ മേൽക്കൈ നിലനിർത്താൻ എൽഡിഎഫിനായി. വയനാട‌് മണ്ഡലം ഉൾക്കൊള്ളുന്ന മലയോരത്തും എൽഡിഎഫ‌് മുന്നേറ്റം പ്രകടമാണ‌്.

   കഴിഞ്ഞമാസം ആദ്യംമുതലാണ‌് സ്ഥാനാർഥികളെ  പ്രഖ്യാപിച്ച‌് എൽഡിഎഫ‌് കളംനിറഞ്ഞത‌്. തുടർന്ന‌് പ്രവർത്തകർക്ക‌് വിശ്രമമില്ലായിരുന്നു. കടുത്ത ചൂടിനെ വകവയ‌്ക്കാതെയായിരുന്നു പ്രചാരണം. യുഡിഎഫ‌് സ്ഥാനാർഥികൾ വരുമ്പോഴേക്കും എൽഡിഎഫ‌് സ്ഥാനാർഥികൾ ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നുതവണ പര്യടനം പൂർത്തിയാക്കിയിരുന്നു. 

   ദേശീയ നേതാക്കൾ അവസാനഘട്ടത്തിലാണ‌് ജില്ലയിലെത്തിയത‌്. അതോടെ പ്രചാരണരംഗം ഇളകിമറിഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, ബൃന്ദ കാരാട്ട‌്, എസ‌് രാമചന്ദ്രൻ പിള്ള, എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിജു കൃഷ‌്ണൻ, അരുൺ കുമാർ, ഭരണ പരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ എന്നിവരുടെ പര്യടനം പ്രവർത്തകർക്കും അണികൾക്കും പുത്തനുണർവ‌് നൽകി. സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ബിനോയ‌് വിശ്വം എംപി, കെ ഇ ഇസ‌്മയിൽ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് പ്രൊഫ. എ പി അബ്ദുൾ വഹാബ‌് എന്നിവരും എൽഡിഎഫ‌് പ്രചാരണത്തിന‌് നേതൃത്വം നൽകാനെത്തി. എല്ലായിടത്തും വൻജനാവലിയാണ‌് നേതാക്കളുടെ പ്രസംഗം കേൾക്കാനെത്തിയത‌്.

    മലപ്പുറത്ത‌് എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന‌് വൻ സ്വീകാര്യതയാണ‌് ലഭിച്ചത‌്. ക്യാമ്പസുകളിൽ പുതുതരംഗം സൃഷ്ടിച്ച സാനുവിനുവേണ്ടി ജെഎൻയുവിൽനിന്നടക്കം വിദ്യാർഥി നേതാക്കൾ പ്രചാരണത്തിനെത്തി. മുസ്ലിംലീഗ‌് കോട്ട ഇത്തവണ യുവ പോരാളിയിലൂടെ ഇളക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ‌് എൽഡിഎഫ‌് നേതൃത്വം. 

   പരാജയഭീതിയിലായ യുഡിഎഫ‌് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ, മണ്ഡലം നിലനിർത്താനുള്ള തത്രപ്പാടിലാണ‌്. എസ‌്ഡിപിഐ അടക്കമുള്ള വർഗീയ–- തീവ്രസംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ലീഗ‌് സഖ്യമുണ്ടാക്കിയത‌് ഇതിന‌് തെളിവാണ‌്.

  പൊന്നാനിയിൽ എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ പുത്തൻവീട്ടിൽ വേറിട്ട പ്രചാരണത്തിലൂടെ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കാഴ‌്ചയാണ‌് അവസാനംവരെ ദൃശ്യമായത‌്. 2014ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ‌് ബഷീർ 25,000 വോട്ടിനുമാത്രമാണ‌് ഇവിടെനിന്ന‌് ജയിച്ചത‌്. 2016ലെ നിയസമഭാ തെരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫ‌് മുൻതൂക്കം വെറും 1000 ആയി ചുരുങ്ങി. എൽഡിഎഫ‌് സർക്കാരിന്റെ ഭരണ നേട്ടങ്ങൾകൂടിയാകുമ്പോൾ ഇത്തവണ പൊന്നാനിയിൽ മാറ്റമുണ്ടാകുമെന്നാണ‌് വിലയിരുത്തൽ. ഇവിടെയും വോട്ട‌് കച്ചവടത്തിനാണ‌് ലീഗ‌് നീക്കം.

  വയനാട‌് ലോക‌്സഭയിൽപെട്ട‌ നിലമ്പൂർ, വണ്ടൂർ, ഏറനാട‌് നിയമസഭാ മണ്ഡലങ്ങളിലും ചിട്ടയാർന്ന പ്രചാരണമാണ‌് നടത്തിയത‌്. കഴിഞ്ഞദിവസം സീതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും നടത്തിയ പര്യടനം അക്ഷരാർഥത്തിൽ എൽഡിഎഫ‌് മുന്നേറ്റത്തിന്റെ സാക്ഷ്യപത്രങ്ങളായി. 

എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ മൂന്നിടത്തും നിരവധി തവണ ജനങ്ങളെ നേരിൽ കണ്ട‌് വോട്ടഭ്യർഥിച്ചു. കർഷകരെ വഞ്ചിച്ച രാഹുൽ ഗാന്ധിക്ക‌് പ്രഹരമേൽപ്പിക്കാനുള്ള തയാറെടുപ്പിലാണ‌് ഇവിടങ്ങളിലെ വോട്ടർമാർ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top