01 April Wednesday

പരപ്പനങ്ങാടി ഹാര്‍ബര്‍: നിർമാണോദ്ഘാടനം മാർച്ച് 7ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 

തിരൂരങ്ങാടി 
പരപ്പനങ്ങാടി ഫിഷിങ്‌ ഹാര്‍ബര്‍ നിര്‍മാണം മാർച്ച്‌ ഏഴിന് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. രാവിലെയാണ് ചടങ്ങ്. പരപ്പനങ്ങാടിയിലെ ഹാര്‍ബര്‍ എന്നത് ഒരു സ്വപ്നമായിരുന്നു. ഏറെ കാലത്തെ ജില്ലയുടെതന്നെ ആഗ്രഹമാണ് എൽഡിഎഫ് സർക്കാർ   യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. പരപ്പനങ്ങാടിയില്‍ ചാപ്പപ്പടി- ചെട്ടിപ്പടി അങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായാണ് ഹാര്‍ബര്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നത്. സിപിഐ എമ്മിന്റെയും ജനകീയ മുന്നണിയുടെയും നിരന്തര ശ്രമങ്ങളെ തുടർന്നാണ്  എല്ലാ പ്രതിസന്ധികളേയും തരണംചെയ്ത് കിഫ്ബി മുഖേന  115 കോടി രൂപ അനുവദിച്ചത്. പുലിമുട്ട് നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതിനുമുന്നോടിയായി ഈ മാസം അവസാനത്തോടെ കംപ്യൂട്ടറൈസ്ഡ് വേ ബ്രിഡ്ജ് സജീകരിക്കും. ഇതിനായി ക്വാറികളില്‍നിന്ന് കരിങ്കല്ല് ലഭ്യമാക്കാന്‍ കഴിഞ്ഞ ആഴ്ചയില്‍ നടപടിയായിരുന്നു. 
തെക്ക് ഭാഗത്തേക്ക് 1,450 മീറ്ററും വടക്ക് ഭാഗത്തേക്ക് 600 മീറ്ററും ദൈര്‍ഘ്യമുള്ള പുലിമുട്ട് സ്ഥാപിക്കുന്നതിനൊപ്പംതന്നെ അനുബന്ധ പ്രവൃത്തികളും നടത്താനാണ് തീരുമാനം. പരപ്പനങ്ങാടിയിലെ ഹാര്‍ബറിന് ഇരുവശത്തും ബോട്ട് ജെട്ടിയുണ്ടാകുമെന്നതാണ് പ്രത്യേകത.  ലേലപ്പുര, ലോക്കര്‍ റൂം, ടോയ് ലെറ്റുകൾ, കാന്റീന്‍, വിശ്രമകേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാര്‍ബറിലുണ്ടാകും. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള പ്രവൃത്തിയ്ക്ക് തീരദേശ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ചെയ്തത്.
പ്രധാന വാർത്തകൾ
 Top