27 September Sunday

പ്രതിഷേധത്തിന്റെ ഇശൽ മധുരം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാപ്പിളപ്പാട്ട് രചയിതാക്കളുടെ കൂട്ടായ്മ ഒരുക്കിയ പ്രതിഷേധം വി എം കുട്ടി ഉദ്ഘാടനംചെയ്യുന്നു

 

കൊണ്ടോട്ടി 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇശലിന്റെ വരികൾ രചിച്ചും പാടിയും വേറിട്ടൊരു പ്രതിഷേധം. മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടിയുടെ വീടാണ് ഞായറാഴ്ചയിലെ സായാഹ്നം  പ്രക്ഷോഭത്തിന് പുതിയ ഭാവവും ഈണവും പകർന്നത്‌. നൂറുകണക്കിന് പാട്ടുകാരും എഴുത്തുകാരുമാണ് പ്രതിഷേധവുമായെത്തിയത്.  പ്രായാധിക്യംമൂലമുള്ള അവശത മറന്ന് വി എം കുട്ടിയും പ്രതിഷേധ കൂട്ടായ്മയിൽ  ചേർന്നു. വിളയിൽ ഫസീലയടക്കം മാപ്പിളപ്പാട്ടിന്റെ കുലപതികൾ പ്രതിഷേധത്തിനെത്തിയതും ആവേശമായി. മാപ്പിളപ്പാട്ട് രചയിതാക്കളുടെ കൂട്ടായ്മയായ ഇശൽ രചനയുടെ നേതൃത്വത്തിലാണ്  വി എം കുട്ടിയുടെ വീട്ടിൽ ഒത്തുകൂടിയത്.  പ്രതിഷേധ ഗാനങ്ങൾ  ഗായകർ ആലപിച്ചു. ചടങ്ങ്  വി എം കുട്ടി ഉദ്ഘാടനംചെയ്തു. കവി ഹസൻ നെടിയനാട് അധ്യക്ഷനായി.   ഒ എം കരുവാരക്കുണ്ട്, പക്കർ പന്നൂർ എന്നിവർ ചേർന്ന് ഡി- ലിറ്റ് ലഭിച്ച വി എം കുട്ടിയെ പൊന്നാടയണിയിച്ചു. കാനേഷ് പൂനൂർ, ബാപ്പു വെള്ളിപറമ്പ്,  ഫൈസൽ എളേറ്റിൽ, ബാപ്പു വാവാട്, ഫിറോസ്ബാബു, ഇ കെ എം പന്നൂർ, സി വി എ കുട്ടി ചെറുവാടി, എം എച്ച്‌ വെള്ളുവനാട്, അഷ്റഫ് പാലപ്പെട്ടി, ശിഹാബ് കാരാപ്പറമ്പ്, ഫൈസൽ കന്മനം എന്നിവർ സംസാരിച്ചു. 
 വിളയിൽ ഫസീല, മുക്കം സാജിത, നിഷമോൾ മുവാറ്റുപുഴ, അഷ്റഫ് കൊടുവള്ളി, ശോഭിക മലപ്പുറം, മുനീറ, ഹഫ്സത്ത് തിരൂർ, റംല എടപ്പാൾ, സുമയ്യ, ആയിശ പെരുമ്പാവൂർ എന്നിവർ ഉൾപ്പെടെയുള്ളവർ  ഗാനമാലപിച്ചു. അഷറഫ് പുളിക്കൽ, യു കെ അബ്ദുസലാം, എ കെ മുസ്തഫ, അഷ്റഫ് നാറാത്ത് എന്നിവരും ഒപ്പംചേർന്നു.  മതേതര സന്ദേശ പ്രതിജ്ഞയെടുത്താണ്‌  ചടങ്ങ് അവസാനിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top