21 February Thursday

കാട്ടാന ആക്രമണം: വാച്ചർമാരുടെ ജീവിതം ദുരിതം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

 

എടക്കര
കാട്ടാനകളുടെ ആക്രമണത്തിൽ  മുണ്ടേരി സംസ്ഥാന കൃഷിത്തോട്ടത്തിലെ രാത്രികാല വാച്ചർമാരുടെ ജീവിതം ദുരിതമാവുന്നു. കഴിഞ്ഞ ദിവസം  വിളകൾക്ക് കാവൽനിന്ന രണ്ട് തൊഴിലാളികളെ  കാട്ടാന ആക്രമിച്ചിരുന്നു.   മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 
തലപ്പാലിപ്പൊട്ടിയിൽ കാട്ടാന ആക്രമണം പതിവായതോടെ ഫാമിലെ ഈ പ്രദേശം തൊഴിലാളികളുടെ പേടിസ്വപ്നമാണ്. മാസങ്ങൾക്കുമുമ്പ് കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പ് അധികൃതരെ ആന തുരത്തിയോടിച്ചു.  ചാലിയാർ പുഴ  മുറിച്ചുകടന്നാണ‌് ആനകൾ ഫാമിനകത്ത് കൂട്ടമായെത്തുന്നത്. 
വനാതിർത്തികളിൽ   ട്രഞ്ചിങ്ങും ഫെൻസിങ്ങും സ്ഥാപിക്കണമെന്ന് തൊഴിലാളികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ആനകളെ നിയന്ത്രിക്കാനാവാതെ വനം വകുപ്പും കൈമലർത്തുന്നു. തൊഴിലാളി പ്രതിനിധികൾ നോർത്ത് ഡിഎഫ്ഒയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാട്ടാനകൾക്ക് ജീവാപായം സംഭവിക്കരുതെന്ന നിലപാടിനപ്പുറം തൊഴിലാളികളുടെ ദുരിതത്തിന്  പരിഹാരം നിർദേശിക്കപ്പെട്ടില്ലെന്ന‌് തൊഴിലാളികൾ പറഞ്ഞു. 
നിലവിൽ വാച്ചർ തസ്തികയില്ലെങ്കിലും തൊഴിലാളികളെ ഷിഫ്റ്റ് സമ്പ്രദായത്തിൽ വാച്ചർ ജോലിക്ക് നിയോഗിക്കുന്നു.  ദിനംപ്രതി എട്ട് തൊഴിലാളികളെ ഫാമിനകത്ത് വാച്ചർ ജോലിക്കായി വിവിധ കൃഷിയിടങ്ങൾ  ക്രമീകരിച്ചുനൽകും. 
പടക്കംമാത്രമാണ‌് ഇവർക്കുള്ള ജീവൻ രക്ഷാമാർഗമായി അവലംബിക്കാൻ അനുവദിക്കൂ എന്നതും ദുര്യോഗമാണ്.  പടക്കംപൊട്ടിക്കുന്ന ഘട്ടത്തിൽ ആനകൾ ചിതറിയോടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top