കൊണ്ടോട്ടി
നിയമംലംഘിച്ച് കരിങ്കൽ ലോഡുമായി ചീറിപ്പായുന്ന ലോറികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ ശനിയാഴ്ച രാവിലെ ഒന്പതുമുതൽ ക്വാറികളിൽനിന്ന് വന്ന ടോറസ് ഉൾപ്പെടെ ലോറികൾ നാട്ടുകാർ തടഞ്ഞിട്ടു.
സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ 10 വരെ ടിപ്പർലോറികൾ ഓടാൻ പാടില്ലെന്ന കോടതിയുടെ കർശന നിയമമുണ്ടായിരിക്കെയാണ് ടോറസ് ഉൾപ്പെടെ ഹെവി ലോറികൾ ആന്തിയൂർകുന്ന് റോഡിൽ നിർബാധം കല്ലുമായി പോവുന്നത്. ഒട്ടേറെ തവണ താക്കീത് നൽകിയിട്ടും അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിൽ ക്ഷുഭിതരായ ജനം റോഡിലിറങ്ങി വാഹനം തടയുകയായിരുന്നു. ഇതിനിടെ തടയാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ നാട്ടുകാരിൽ ഒരാളെ ഇടിച്ചതോടെ പ്രതിഷേധം കനത്തു. പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ ഈ വാഹനവും ഡ്രൈവർ ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് നാട്ടുകാർ തണുത്തത്. നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന ആന്തിയൂർകുന്ന് മേഖലയിൽ ദിവസവും നൂറുകണക്കിന് ലോറികളാണ് കരിങ്കല്ലിനായി എത്തുന്നത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പർ ലോറികളുടെ ഇതുവഴിയുള്ള സഞ്ചാരമെന്ന് നാട്ടുകാർ പറഞ്ഞു