മലപ്പുറം
നിമിഷങ്ങൾക്ക് ദൈർഘ്യമേറുന്നു... ഖത്തറിലെ പുൽമൈതാനത്ത് കാൽപ്പന്തുവിസ്മയം കാണാൻ ആസ്വാദകഹൃദയം തുടിക്കുന്നു. ഞായർ രാത്രി 9.30ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യമത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ ആരാധകമനസിൽ ആഹ്ലാദപ്പെരുമ്പറ മുഴങ്ങും.
എങ്ങും ഒരുക്കങ്ങളാണ്. നാടുനീളെ തോരണം തൂക്കിയും ഫ്ലക്സും കട്ടൗട്ടും സ്ഥാപിച്ചും വരവേൽപ്പിന് മഴവില്ലിൻ ചാരുത. കാൽപ്പന്തിന്റെ രാജകുമാരന്മാരെ അടുത്തുകാണാൻ അടങ്ങാക്കൊതിയുമായി നിരവധി പേർ ഖത്തറിലേക്ക് പറന്നു. ലോകകപ്പ് വളന്റിയറായി കളിക്കുംമുമ്പേ ഗോളടിച്ച മലപ്പുറത്തുകാരുമുണ്ട്.
നാട്ടിലെങ്ങും ലോകകപ്പ് വർത്തമാനങ്ങളാണ്. താരങ്ങൾ ചുവരും റോഡും നിറഞ്ഞു. സെവൻ അപ്പും, ‘ദൈവത്തിന്റെ ഗോളു’മായി ചർച്ചകൾക്ക് ചൂടേറി. ആരാധകർ അരയും തലയും മുറുക്കിയിറങ്ങിയതോടെ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകൾ ആകാശംമുട്ടി. മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പം വീണ്ടും കരയും കടലും കടന്ന് പരന്നു.
ഇനി പന്തുകൊണ്ടുള്ള അത്ഭുങ്ങൾക്ക് സാക്ഷിയാകാൻ ടെലിവിഷൻ സ്ക്രീനുകളുടെ മുന്നിലേക്ക്. ശ്വാസമടക്കി, ഇമവെട്ടാതെ മൈതാനത്തെ മാന്ത്രികക്കാഴ്ചകൾക്കൊപ്പം ഉറങ്ങിയുണരുന്ന ദിനരാത്രങ്ങളിലേക്ക്. ലോകകപ്പിന് മുമ്പുള്ള അവസാനദിനവും അവിസ്മരണീയമാക്കാൻ ഒരുപിടി പരിപാടികളാണ് ജില്ലയിലുടനീളം ഒരുങ്ങുന്നത്. സംഘടനകളും യുവജന കൂട്ടായ്മകളും ക്ലബ്ബുകളുമെല്ലാം രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..