13 November Wednesday

എബിസി കൂട്ടിൽ, നായ്ക്കൾ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 മലപ്പുറം

സിവിൽ സ്റ്റേഷൻ പരിസരത്തെ  തെരുവ് നായ ശല്യം  പരിഹരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പ്രോഗ്രാം പ്രവർത്തനങ്ങൾ  25 മുതൽ വീണ്ടും തുടങ്ങും.  ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ മുഴുവൻ നായകളെയും കുടുംബശ്രീ മുഖേന ഏറ്റെടുത്ത് വന്ധീകരിക്കും. കലക്ടറുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിലാണ് തീരുമാനം.  
 കുടുംബശ്രീയുടെ കീഴിൽ പരിശീലനം ലഭിച്ചവരാണ്  നായകളെ പിടികൂടുക. തുടർന്ന്  വന്ധീകരണത്തിനായി ചുങ്കത്തറയിലെ  മൃഗാശുപത്രിയുടെ സബ്‌സെന്ററിൽ എത്തിക്കും.  പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ, വണ്ടൂർ പ്രദേശങ്ങളിലെ തെരുവ് നായകളെ  പിടികൂടാനും വന്ധീകരിക്കുന്നതിനായി മഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങൾക്ക് അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം കണ്ടെത്തി വന്ധീകരിക്കുന്നതിനായി ഓപറേഷൻ തിയറ്ററുകൾ ഒരുക്കാമെന്ന് കലക്ടർ അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 21,44,826 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
 2017 ജനുവരിയിൽ പൊന്നാനിയിലാണ് പദ്ധതി ആരംഭിച്ചത്. 
ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യയുടെ കീഴിലായിരുന്നു ജില്ലയിൽ പ്രവർത്തനം നടപ്പാക്കിയത്. മെയ് ഒന്നുവരെയായിരുന്നു സംഘത്തിന്റെ ചുമതല. തുടർന്ന് 2018ൽ സൊസൈറ്റിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന്  പദ്ധതി കുടുംബശ്രീ ഏറ്റെടുത്തു.  ജില്ലയിൽ മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ, ചുങ്കത്തറ എന്നിവിടങ്ങളിലായി ഇതുവരെ 2698 നായകളെയാണ് വന്ധീകരിച്ചിട്ടുള്ളത്.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ,  ഉമ്മർ അറയ്ക്കൽ,  ഡോ. എ അയൂബ്,  ഡോ. നികേഷ് കിരൺ, സി കെ ഹേമലത,  വി ജഗൽകുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top