പെരിന്തൽമണ്ണ
ശാസ്ത്രവും യുക്തിബോധവും അവഗണിക്കപ്പെടുന്ന കാലത്തിലൂടെടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് മന്ത്രി സജി ചെറിയാൻ. വലതുപക്ഷ ബോധം വലിയതോതിൽ വളർന്നെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണ ചെറുകാട് സ്മാരക മന്ദിരത്തിൽ പാലക്കീഴ് നാരായണൻ സ്മാരക ഹാൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ശാസ്ത്രത്തിനുമുകളിലാണ് വിശ്വാസമെന്ന് പറയുന്നു. ശ്രീ നാരായണ ഗുരു സർവമത സമ്മേളനം വിളിച്ചതിന് അടുത്തകൊല്ലം 100 വർഷം തികയുകയാണ്. ഇന്ന് ഏതെങ്കിലും രണ്ട് മതങ്ങളെ ഇങ്ങനെ ഒരുമിച്ചിരുത്താൻ കഴിയില്ല.
നാടിന് ഗുണപരമായ ആശയങ്ങളെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ അഭിപ്രായം പറഞ്ഞാൽ ആക്രമിക്കപ്പെടും എന്നതാണ് അവസ്ഥ. വലതുപക്ഷ മാധ്യമങ്ങൾ കേരളത്തെ ഇകഴ്‌ത്താൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. ചിത്രകാരൻ വേണു പാലൂർ വരച്ച പാലക്കീഴ് നാരായണന്റെ ഛായാചിത്രം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് അനാഛാദനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, കെ കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സിപിഐ എം മുതിർന്ന നേതാവ് പി പി വാസുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി രമേശൻ, പാലക്കീഴ് നാരായണന്റെ ഭാര്യ പി എം സാവിത്രി, സഹോദരൻ പാലക്കീഴ് പരമേശ്വരൻ, സി വാസുദേവൻ, ഇ രാജേഷ്, സി ദിവാകരൻ, എൻ പി ഉണ്ണികൃഷ്ണൻ, കെ പി രമണൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ പി ഷാജി സ്വാഗതവും വേണു പാലൂർ നന്ദിയും പറഞ്ഞു.
രക്തസാക്ഷി സെയ്താലിയുടെ സഹോദരൻ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ അബ്ദുറഹ്മാൻ കക്കാട് രചിച്ച ‘ഓർമവണ്ടി' പുസ്തകം എം സ്വരാജ് ഇ എൻ മോഹൻദാസിന് നൽകി പ്രകാശിപ്പിച്ചു.
ഇന്ത്യയുടെ ശത്രു സംഘപരിവാറും ഭീഷണി കേന്ദ്ര സർക്കാരും: എം സ്വരാജ്
പെരിന്തൽമണ്ണ
ഇന്ത്യയുടെ ശത്രു സംഘപരിവാറും ഭീഷണി കേന്ദ്ര സർക്കാരുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. പാലക്കീഴ് നാരായണൻ സ്മാരക ഹാൾ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും രാജ്യം പുതിയ നിയമങ്ങളുടെ പേരിൽ ഭീതിയിൽ തുടരുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നെഞ്ചിടിപ്പോടെയാണ് ബിജെപി കാണുന്നത്. രാജ്യത്തെ വർഗീയമായി ചേരിതിരിക്കാനും ഭൂരിപക്ഷ സമൂഹത്തെ കൂടെനിർത്തി ധ്രുവീകരണത്തിനുമാണ് ശ്രമം.
മതനിരപേക്ഷ കേരളത്തിലും അതിന് ശ്രമിക്കുന്നു. സ്‌പീക്കറുടെ പ്രസംഗത്തെപ്പോലും വികലമാക്കിയാണ് രാഷ്ട്രീയ എതിരാളികൾ കച്ചമുറുക്കുന്നത്. 2019നുശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും തോറ്റ അനുഭവമാണ് ബിജെപിക്കുള്ളത്. കോൺഗ്രസിന്റെ കൂറുമാറ്റമാണ് ബിജെപിക്ക് തുണയായതെന്നും സ്വരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..