മഞ്ചേരി
ജില്ലയിൽ കെ ഫോൺ പദ്ധതിയിൽ ഗാർഹിക കണക്‌ഷനുവേണ്ടി അപേക്ഷിച്ചത് 10,000 പേർ. ‘എന്റെ കെ -ഫോൺ’ ആപ് വഴി ജൂലൈമുതൽ അപേക്ഷിച്ചവരുടെ കണക്കാണിത്. ഇവർക്ക് കണക്‌ഷൻ നൽകാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ലാസ്റ്റ്‌മൈൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ (എൽഎൻപി) ഉടൻ നിയമിക്കും. നെറ്റ്‌വർക്ക് പ്രൊവൈഡർമാരായി പ്രാദേശിക കേബിൾ ടിവി ഓപറേറ്റർമാർക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് കണക്‌ഷൻ നൽകാൻ കേരളവിഷനെയാണ് ചുമതലപ്പെടുത്തിയത്. മറ്റ് അപേക്ഷകർ കൂടിയതോടെ വീടുകളിൽ ഫൈബർവഴി കണക്‌ഷൻ നൽകാൻ കെ ഫോൺ നേരിട്ട് പങ്കാളികളെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽത്തന്നെ അപേക്ഷകർക്ക് കണക്‌ഷൻ നൽകാനാവുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ മൂവായിരത്തിലധിധം സർക്കാർ ഓഫീസുകളിൽ ഇതിനകം കെ ഫോൺ സേവനം ഉറപ്പാക്കി.
സൗജന്യ കണക്‌ഷൻ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1600 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഒരു വർഷത്തേക്ക് സൗജന്യ കണക്‌ഷൻ നൽകുന്നത്. 570 കുടുംബങ്ങൾക്ക് ഇതിനകം കണക്‌ഷൻ നൽകി. മറ്റുള്ളവർക്കും ഉടൻ ലഭിക്കും. ദിവസം ഒന്നര ജിബി ഡാറ്റ ഓരോ കുടുംബത്തിനും സൗജന്യമായി ഉപയോഗിക്കാം. സെക്കൻഡിൽ പത്ത് എംബിമുതൽ ഒരു ജിബിവരെയാണ് വേഗം.
കെഎസ്ഇബി കെ ഫോണിൽ
ജില്ലയിൽ കെഎസ്ഇബിയുടെ 56 ഓഫീസുകളിൽ കെ ഫോൺ കണക്‌ഷൻ എത്തിച്ചു. 18 ഓഫീസുകൾ പൂർണമായും കെ ഫോണാണ് ഉപയോഗിക്കുന്നത്. സാങ്കേതിക സൗകര്യങ്ങൾ വിപുലമാകുന്നതോടെ മുഴുവൻ ഓഫീസുകളിലും കെ ഫോൺ ഉപയോഗിക്കും.
9 പ്ലാൻ; കുറഞ്ഞ നിരക്ക്
കുറഞ്ഞ നിരക്കിൽ, മേന്മയുള്ള ഇന്റർനെറ്റ് ലഭ്യതാ താരിഫാണ് കെ ഫോണിന്റേത്. നിലവിൽ ആറുമാസംവീതം കാലാവധിയിൽ ഒമ്പത് പ്ലാനുണ്ട്. ആറു മാസത്തേക്ക് 3000 ജിബിവരെ ഉപയോഗിക്കാവുന്ന മാസം 299 രൂപയുള്ള പ്ലാനാണ് പ്രധാനം. ഇതിൽ 20 എംബിപിഎസാണ് വേഗം. 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി ഡേറ്റ ആറുമാസത്തേക്ക് നൽകുന്ന പ്ലാനാണ് ഏറ്റവും ചെലവേറിയത്. മാസം 1249 രൂപയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..