24 October Thursday

ഹൃദയംകവർന്ന ആ ചിരി മാഞ്ഞു

സ്വന്തം ലേഖികUpdated: Thursday Sep 19, 2019

ആസ്യാത്ത മന്ത്രി കെ ടി ജലീലിനൊപ്പം (ഫയൽചിത്രം)

 
മലപ്പുറം
"എന്റെ മന്ത്രിക്കുട്ടി' എന്ന് വിളിച്ച്  തലോടാനും പരിഭവങ്ങൾ പങ്കുവയ്ക്കാനും ഇനി ആസ്യാത്ത ഉണ്ടാവില്ലെന്നറിയുമ്പോൾ എന്തെന്നില്ലാത്ത ഒരു വേദന. 
ആസ്യാത്ത എനിക്ക്‌ ആരായിരുന്നു എന്ന ചോദ്യത്തിന്‌ ഒരു മറുപടിയില്ല. ഓരോ തവണയും തവനൂർ ഓൾഡേജ് ഹോമിലെത്തുമ്പോൾ പൂമുഖത്ത്‌ ചിരിച്ചുകൊണ്ട്‌ അവരുണ്ടാകുമായിരുന്നു. ഇനി ആ ചിരി ഓർമമാത്രമാണ്‌.  അവസാനമായി ആസ്യാത്തയെ ഒരുനോക്കുകാണാൻ ഔദ്യോഗിക തിരക്കുകൾക്ക് വിടനൽകി തലസ്ഥാനത്തുനിന്ന് പുറപ്പെടുന്നതിനുമുമ്പ്‌ മന്ത്രി കെ ടി ജലീൽ ഫെയ്‌സ്‌ ബുക്കിൽ കുറിച്ചതാണിത്‌. 
ആറുവർഷമായി തവനൂർ വൃദ്ധസദനത്തിൽ അന്തേവാസിയായിരുന്നു ആസ്യാത്ത. ഭർത്താവ് മരണപ്പെട്ടു. മക്കളില്ല. ജീവിതാന്ത്യത്തിൽ ഒറ്റപ്പെട്ട്  വാർധക്യ സഹജതയിൽ വീർപ്പുമുട്ടിയ ഘട്ടത്തിലാണ്‌ തവനൂർ വൃദ്ധസദനത്തിൽ എത്തിയത്‌. പിന്നെ അത്‌ ആസ്യാത്തയുടെ ലോകമായി. ചിരിച്ചും രസിച്ചും സൊറ പറഞ്ഞും ഓൾഡേജ് ഹോമിന്റെ പൂമുഖപ്പടിയിൽ പുഞ്ചിരിക്കുന്ന മുഖവുമായി വരുന്നവരെ വരവേൽക്കാൻ എപ്പോഴും അവരുണ്ടാകും. മന്ത്രിയുടെ  ഫെയ്സ്ബുക്ക് കുറിപ്പുകളിൽ പലപ്പോഴും മോണകാട്ടി ചിരിക്കുന്ന  ആസ്യാത്ത കടന്നുവന്നിട്ടുണ്ട്. 
ഈ ഓണാഘോഷത്തിന് ഒത്തുകൂടിയപ്പോഴാണ് ഏറ്റവും ഒടുവിൽ മന്ത്രി ആസ്യാത്തയെ കണ്ടത്.   കലക്ടർ ജാഫർ മലിക്കും ഗായകനും സുഹൃത്തുമായ ഫിറോസ് ബാബുവുമെല്ലാം അന്നത്തെ ചടങ്ങിനുണ്ടായിരുന്നു. ഉമ്മറപ്പടിയിലിരുന്ന് പതിവുപോലെ സംസാരിച്ചു. പുറംപോക്കിലെ രേഖകളൊന്നുമില്ലാത്ത തന്റെ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കി അങ്ങോട്ടുപോകണമെന്നുമായിരുന്നു ആസ്യാത്തയുടെ ആഗ്രഹം.  
 നിങ്ങൾ പോയാൽ  ഞാനെങ്ങനെ നിങ്ങളെ കാണുമെന്ന ചോദ്യത്തിന്  "അങ്ങട്ട് വന്നാമതി'  എന്നായിരുന്നു അവരുടെ മറുപടിയെന്നും മന്ത്രി കുറിച്ചു.
പ്രധാന വാർത്തകൾ
 Top