22 May Wednesday

ദുരിതാശ്വാസക്യാമ്പിൽനിന്ന‌് എങ്ങോട്ടുപോകും?

ടി വി സുരേഷ‌്Updated: Sunday Aug 19, 2018
 
ഉൗർങ്ങാട്ടിരി
കലിതുള്ളിപ്പെയ‌്ത മഴയ‌്ക്ക‌് ശനിയാഴ‌്ച രാവിലെയോടെ നേരിയ ശമനമായപ്പോൾ നെല്ലിയായിലെ വീട് കാണാൻ ഇറങ്ങിയതായിരുന്നു ശാന്തയും പ്രേമനും. വീടിരുന്ന സ്ഥലമെത്തിയപ്പോൾ ഇരുവരും കുറച്ചുനേരത്തേക്ക‌് നിശ്ചലരായി.  ഏറെനാളത്തെ അധ്വാനത്തിലൂടെ സാക്ഷാല്‍ക്കരിച്ച  വീടിന് മുകളിലൂടെ മണ്ണും മരങ്ങളും ഒഴുകിപ്പോയിരുന്നു. വീടും വീട്ടിലേക്കുള്ള വഴിയുമെല്ലാം കാട്ടുചോലകളായി പരിണമിച്ചിരിക്കുന്നു.
തിരിച്ചറിയാൻ കഴിയാത്ത വിധമായി മാറിയ പുരയിടം ഇരുവരും വിതുമ്പലോടെ കണ്ടുനിന്നു. ഏറെനേരം ആ കാഴ‌്ച കണ്ടുനിൽക്കാൻ ഇരുവർക്കുമായില്ല.  വ്യാഴാഴ്ച പുലർച്ചെയാണ‌് നെല്ലിയായി കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. 
ഇവിടെനിന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വെള്ളം ഊർങ്ങാട്ടിരി പഞ്ചായത്തിൽ സർവനാശം വിതച്ചാണ് കുതിച്ചൊഴുകിയത‌്. ഭർത്താവിന്റെ അമ്മയുൾപ്പെടെ  ഉറ്റവരും ഉടയവരുമായ ഏഴുപേരെയാണ‌് കലിതുള്ളിയെത്തിയ പേമാരി കവർന്നെടുത്തത‌്. 
അതിജീവനത്തിന്റെ ആ രാത്രിയെക്കുറിച്ച‌് ഓർത്തെടുക്കുമ്പോൾ നെല്ലിയായി ശാന്തയുടെ ശബ്ദം ഇടറി. ചുറ്റും ഭയാനകമായ ഇരുട്ട്....കൂടപിറപ്പുകളുടെ നിലവിളി...സ‌്ഫോടന ശബ്ദത്തോടെ വീടിനുമുകളിലേക്ക‌് ഇരച്ചെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും...മാറോട് ചേർന്നുകിടന്ന നാലുവയസുകാരി പ്രഭിഷ..എന്താണ് നടക്കുന്നതെന്ന് അറിയാതെ തരിച്ചുനിൽക്കുന്നതിനിടെ തന്നെയും കുഞ്ഞിനെയും ആരോ എടുത്ത് എറിഞ്ഞു. പിന്നെ സംഭവിച്ചതൊന്നും ഓർമയിലില്ല. ഒന്നര മണിക്കൂർ സ്ലാബിന്റെ അടിയിൽ കുടുങ്ങിക്കിടന്ന ശാന്തയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് വെറ്റിലപ്പാറ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഈ കുടുംബം. 
അയൽവാസികളിൽനിന്നാണ‌് ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായും ഒലിച്ചുപോയതും ഏഴുപേർ മണ്ണിനടിയിൽപെട്ടതും ഇവർ അറിയുന്നത്. തകർന്ന വീട്ടിൽ അമ്മ മാതയും സമീപത്തെ വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവും ഉണ്ടായിരുന്ന വിവരം ശാന്ത പറഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അങ്കണവാടി അധ്യാപികയായ സൂസമ്മ ജോസഫാണ‌് പ്രേമനെ ഫോണിൽ വിളിച്ച്  ഉടനെ എത്താൻ ആവശ്യപ്പെടുന്നത‌്. നിലമ്പൂർ ഐടിഡിപി ഓഫീസിലെ കാവൽക്കാരനായ പ്രേമൻ തലേദിവസം രാവിലെയാണ് ജോലിക്ക് പോയത്. 
ഐടിഡിപി ജീവനക്കാർക്കുള്ള പദ്ധതിയിൽനിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്ത് നിർമിച്ച വീടാണ് ഒലിച്ചുപോയത്.  സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി 
ഇല്ലാതായതോടെയാണ‌് മലമുകളിൽതന്നെ പുതിയ വീട് പണിത്. ദുരിതാശ്വാസക്യാമ്പ് അവസാനിക്കുന്നതോടെ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ‌് ഈ കുടുംബം. 
കിടപ്പുരോഗിയായ അച്ഛൻ ചേന്നനെയും മാനസികാസ്വാസ്ഥ്യമുള്ള സഹോദരി സുമതിയെയും പരിചരിരുന്ന അമ്മ മാത ദുരന്തത്തിൽ മരിച്ചതോടെ വീടിന്റെ താങ്ങും തണലുമില്ലാതായി. തലനാരിഴക്ക് രക്ഷപ്പെട്ട സുമതി  രണ്ടുകാലിലും മുറിവേറ്റ‌് മഞ്ചേരി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലം സന്ദർശിച്ച പി വി അൻവർ എംഎൽഎ ഇവർക്കുള്ള എല്ലാ സഹായവും വാഗ്ദാനംചെയ‌്തിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top