24 August Saturday
കേരള ബാങ്ക‌് ലയനം

പ്രമേയത്തിനെതിരെ വീണ്ടും മലപ്പുറം ജില്ലാ ബാങ്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
 
മലപ്പുറം
നിർദിഷ്ട കേരള ബാങ്കിൽ ലയിക്കാനുള്ള പ്രമേയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക‌് (എംഡിസി ബാങ്ക‌്) പൊതുയോഗം വീണ്ടും തള്ളി. ലയന പ്രമേയത്തിന‌് അനുകൂലമായി 32 അംഗസംഘങ്ങൾ വോട്ട‌് ചെയ‌്തപ്പോൾ യുഡിഎഫ‌് ഭരിക്കുന്ന 97 സംഘങ്ങൾ എതിർത്തു. ഇതോടെ കേരള ബാങ്ക‌് നിലവിൽവന്നാൽ എംഡിസി ബാങ്കിന്റെ നിലനിൽപ്പ‌് അപകടത്തിലാകും. 
    എംഡിസി ബാങ്ക‌് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കലക്ടർ ജാഫർ മാലിക‌് നിരീക്ഷകനായി. വോട്ടവകാശമുള്ള 130 അംഗസംഘങ്ങളിൽ 129ഉം വോട്ടെടുപ്പിൽ പങ്കെടുത്തു. എൽഡിഎഫ‌് ഭരിക്കുന്ന 31 സംഘങ്ങളാണുള്ളത‌്. ഒരു സംഘത്തിന്റെകൂടി വോട്ട‌് പ്രമേയത്തിനനുകൂലമായി കിട്ടി. എ ക്ലാസ‌് സംഘങ്ങൾക്കാണ‌് വോട്ടവകാശം.
മാർച്ച‌് ഏഴിന‌് നടന്ന പൊതുയോഗവും ലയന പ്രമേയം തള്ളിയിരുന്നു. അന്നും 97 അംഗസംഘങ്ങൾ എതിർത്തു. 32 സംഘങ്ങൾ അനുകൂലിച്ചു.  ലയന പ്രമേയം തള്ളിയത‌് ബാങ്കിന്റെ നിലനിൽപ്പിന‌് ഭീഷണിയാകുമെന്ന‌് ചൂണ്ടിക്കാട്ടി ജീവനക്കാർ ഒന്നടങ്കം സഹകരണ മന്ത്രിക്ക‌് നിവേദനം നൽകി. തുടർന്ന‌് ജില്ലാ ബാങ്കിന‌് ലയനത്തിനൊപ്പം നിൽക്കാൻ ഒരവസരംകൂടി സർക്കാർ നൽകി. ഇതേത്തുടർന്നാണ‌് വീണ്ടും പൊതുയോഗം വിളിച്ചത‌്. സമവായമുണ്ടാക്കാൻ 16ന‌് മന്ത്രി വിളിച്ച സഹകാരികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും യോഗം യുഡിഎഫ‌് ബഹിഷ‌്കരിച്ചു. എംഡിസി ബാങ്ക‌് അഡ‌്മിനിസ‌്ട്രേറ്ററും സഹ. വകുപ്പ‌് ജോയിന്റ‌് രജിസ‌്ട്രാറുമായ ടി മുഹമ്മദ‌് ബഷീർ അധ്യക്ഷനായി.  വൻ പൊലീസ‌്  സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ‌്.    മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളും ലയനത്തിന‌് അനുകൂല നിലപാടാണ‌് എടുത്തത‌്. സഹകരണ മേഖലയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി സഹകരണ ചട്ടം ഭേദഗതിചെയ‌്താണ‌് സർക്കാർ കേരള ബാങ്കിന‌് രൂപംനൽകുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top