25 August Sunday

മക്കളേ...അച്ഛൻ‘അനാഥനാ’ണ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
 
വേങ്ങര 
ആറ‌് മക്കളുണ്ട‌ായിട്ടും പറപ്പൂർ, ഇരിങ്ങല്ലൂർ കല്ലക്കയം കറുമണ്ണ നാരായണൻ നായർ (95) അനാഥൻ. നാരായണനെ സന്നദ്ധപ്രവർത്തകർ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം, തവനൂർ സർക്കാർ വൃദ്ധമന്ദിരത്തിൽ  ഏല്‍പ്പിച്ചു. തിരൂരങ്ങാടി താലൂക്ക‌് ആശുപത്രിയിൽ രണ്ട് ആഴ്ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു.
പറപ്പൂർ ഇരിങ്ങല്ലൂരിൽ അവശനിലയിൽ കഴിയുകയായിരുന്ന നാരായണൻ നായരെ വാർഡ്  മെമ്പർ പി വി കെ ഹസീന,   എ കെ മുഹമ്മദ്, കെ എം പവിത്രൻ, ഇ എൻ മനോജ്, രജീഷ്, എ എം ഹരിദാസ് എന്നിവരാണ‌് ആശുപത്രിയിലെത്തിച്ചത‌്.  സന്നദ്ധ പ്രവർത്തക ഷബാനയുടേയും പാലിയേറ്റീവ് പ്രവർത്തകരുടേയും പരിചരണവും ഭക്ഷണവും ലഭിച്ചതോടെ ആരോഗ്യനില വീണ്ടെടുത്തു. ഇതോടെ മക്കളുടെ സംരക്ഷണത്തിൽ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും മക്കളാരും ഏറ്റെടുക്കാൻ തയാറായില്ല.  വേങ്ങരയിലെ വിവരാവകാശ പ്രവർത്തകൻ എ പി അബൂബക്കർ,   ഷബാന ചെമ്മാട്, ഹംസ മങ്കട എന്നിവർ ചേർന്ന് തവനൂർ വൃദ്ധമന്ദിരത്തിൽ ഏല്‍പ്പിക്കുന്നതിന്ന്  ശ്രമിച്ചെങ്കിലും മക്കൾ ജീവിച്ചിരിപ്പുള്ളതിനാൽ പ്രവേശനം ലഭിച്ചില്ല. ഒടുവിൽ കലക്ടറുമായി നേരിൽ ബന്ധപ്പെട്ട് സ്പെഷൽ ഉത്തരവ് വാങ്ങിയാണ് ഇദ്ദേഹത്തെ വൃദ്ധസദനത്തിലെത്തിച്ചത്.   ഇരിങ്ങല്ലൂരിലെ അറിയപ്പെടുന്ന ജന്മി കുടുംബമായിരുന്നു നാരായണൻ നായരുടേത്. നാല് മക്കളായശേഷം ആദ്യ ഭാര്യയുമായി അകന്ന് മറ്റൊരു വിവാഹംകഴിക്കുകയായിരുന്നു നാരായണൻ നായർ. ഈ ബന്ധത്തിലും രണ്ട് മക്കൾ ഉണ്ട്.  പിന്നീട് അവരുമായും അകന്നതോടെയാണ് ഇദ്ദേഹത്തെ കുടുംബം കൈവിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top