24 August Saturday

അതിവേഗം അറ്റകുറ്റപ്പണി കുടിവെള്ളം മുട്ടില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 

 
മലപ്പുറം
പ്രളയത്തെ തുടർന്ന് കേടുപാട‌് സംഭവിച്ച 41 പദ്ധതികളിൽ 36 എണ്ണവും പൂർത്തിയാക്കി. വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷനുകീഴിലാണിത‌്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് പദ്ധതികൾ യഥാസമയം പുനഃസ്ഥാപിക്കാൻ സഹായകമായത്. 
    ചാലിയാർ, കടലുണ്ടി, തൂത പുഴകളിലെ ജലവിതാനം ഉയർന്നതും മണ്ണിടിച്ചിലും ഭിത്തികളുടെ തകർച്ചയുമാണ് വിവിധ പദ്ധതികളിലെ പമ്പ് സെറ്റുകൾക്കും അനുബന്ധ ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശംവരുത്തിയത്. 
ഇതിന് പരിഹാരമായി 1.50 ലക്ഷം രൂപയിൽ കുറവുളള 33 പ്രവൃത്തിക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി 13.52 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. 1.50 ലക്ഷം രൂപയിൽ കൂടുതലുള്ള എട്ട് പ്രവൃത്തിക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിനോടൊപ്പം സംസ്ഥാന വിഹിതവും ചേർത്ത് 2.39 കോടി രൂപയുടെ അനുമതിയും ലഭിച്ചു. 34 പ്രവൃത്തിയുടെ തകരാർ സമയബന്ധിതമായി  പരിഹരിച്ചു. 
കൂട്ടിലങ്ങാടി മുണ്ടയിൽപ്പടി ശുദ്ധജല വിതരണ പദ്ധതിയുടെ കേടുവന്ന പമ്പിങ് മെയിൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും എടക്കര ശുദ്ധജലവിതരണ പദ്ധതിയുടെ കിണറിന്റെയും പമ്പ് ഹൗസിന്റെയും അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു. മലപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ ഹാജിയാർപള്ളിയിലെ  സംഭരണിയുടെ കേടുവന്ന ചുറ്റുമതിൽ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും പെരിന്തൽമണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ കേടുവന്ന ചുറ്റുമതിൽ പുനർ നിർമാണവും മമ്പാട് ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിന്റെയും പമ്പ് ഹൗസിന്റെയും അറ്റകുറ്റപ്പണികളും മലപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ മണ്ണാർകുണ്ട് കിണറിന‌് സമീപത്തുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണവും രണ്ടുമാസത്തിനകം പൂർത്തിയാക്കും.
 നിലമ്പൂർ ശുദ്ധജല വിതരണ പദ്ധതിയുടെ ശുദ്ധീകരണശാലക്ക‌് സമീപത്തെ സംരക്ഷണഭിത്തിയുടെ നിർമാണം ഏഴ് മാസത്തിനകവും തീർക്കും.
പ്രധാന വാർത്തകൾ
 Top