25 July Sunday

കായികമേഖലയിൽ കേരളത്തിന്റെ *മികവുയർത്തും: മന്ത്രി വി അബ്ദുറഹ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

മന്ത്രിയായി ചുമതലയേറ്റശേഷം മലപ്പുറം സിവിൽ സ്‌റ്റേഷനിലെ 
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിലെത്തിയ വി അബ്ദുറഹ് മാനെ 
പ്രസിഡന്റ് എ ശ്രീകുമാർ സ്വീകരിക്കുന്നു

മലപ്പുറം
മൂന്ന് വർഷത്തിനകം കായിക മേഖലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ. മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിലെ യോഗശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കും. സംസ്ഥാനത്തിന്റെ കായികനയം അടുത്ത വർഷം ആദ്യത്തോടെ അവതരിപ്പിക്കും.
ജനകീയമാണ്‌ കേരളത്തിന്റെ കായികമേഖല. പുതിയ കായികനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും സന്ദർശനം നടത്തി അഭിപ്രായങ്ങൾ ആരായും. ഇതിന്റെ ആദ്യ പടിയായാണ് മലപ്പറത്തെ സന്ദർശനം. മുൻകാല കായികതാരങ്ങളെയുൾപ്പെടെ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുമായും ചർച്ചചെയ്‌താകും അനുയോജ്യമായ കായിക നയം രൂപീകരിക്കുക.
ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കായി താരങ്ങളെ വളർത്തിയെടുക്കാൻ അനുയോജ്യമായ മണ്ണാണ് കേരളത്തിലേത്‌. മലപ്പുറത്തുമാത്രം സ്വകാര്യമേഖലയിലേതുൾപ്പെടെ നിരവധി ഫുട്‌ബോൾ അക്കാദമികൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവയെല്ലാം ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ വകുപ്പ്‌ ഏറ്റെടുക്കും.
കോവിഡ് പ്രതിസന്ധികൾ തീരുന്നതോടെ അടുത്ത സീസണിൽ ജില്ലയിൽ നല്ല മേളകൾ സംഘടിപ്പിക്കാൻ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നൽകുന്ന ആദ്യ ഗഡുവായി ഒരുലക്ഷം രൂപയുടെ ചെക്ക് അംഗങ്ങൾ മന്ത്രിക്ക് കൈമാറി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, വൈസ്‌പ്രസിഡന്റ് വി പി അനിൽ, സെക്രട്ടറി മുരുകരാജ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ മനോഹരകുമാർ, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് യു തിലകൻ, സെക്രട്ടറി ഋഷികേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിൽ എത്തിയ മന്ത്രിയെ ഭാരവാഹികൾ ചേർന്ന്‌ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top