25 July Sunday
സിറ്റി ഗ്യാസ്‌ ആഗസ്‌തിൽ

പ്രകൃതിവാതകം അടുക്കളയിൽ

സ്വന്തം ലേഖകൻUpdated: Saturday Jun 19, 2021

മഞ്ചേരി
പാചക ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി അടുക്കളയിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആഗസ്‌തിൽ കമീഷൻ ചെയ്യും.  ആദ്യഘട്ടം മഞ്ചേരിയിലെ മൂന്ന് വാർഡുകളിലെ ആയിരം കുടുംബങ്ങൾക്ക്‌ ലഭ്യമാകും.
ഒരുവർഷത്തിനുള്ളിൽ 50,000 വീടുകളിലേക്ക് പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യം. ഇതിനായി സർവേ  തുടങ്ങിയതായി ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രതിനിധി ഹരികൃഷ്ണൻ പറഞ്ഞു.    പദ്ധതി നടപ്പാക്കാൻ സംസ്ഥാനപാതയിൽ മഞ്ചേരി മുതൽ വള്ളുവമ്പ്രം വരെയുള്ള പത്ത് കിലോമീറ്ററിൽ പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ചു. നറുകര കേന്ദ്രീകരിച്ചാണ് സിറ്റി ഗ്യാസ് വിതരണം. അവിടെ ഗെയിലിന്റെ വാൽവ് സ്റ്റേഷനിൽനിന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ വാൽവ് സ്‌റ്റേഷനിലേക്ക് വാതകം എത്തിക്കും. ഇവിടെനിന്ന്‌ വിതരണ പൈപ്പ് ലൈനിലേക്ക്‌ ബന്ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. വീടുകളിലേക്ക് പൈപ്പ് ലൈൻ വലിക്കുന്ന ജോലിയും താമസിയാതെ പൂർത്തിയാകും.
  മർദം കുറച്ചാണ് വീടുകളിലേക്കുള്ള വാതകം കടത്തിവിടുന്നത്. പൊതുവായുള്ള പൈപ്പിൽനിന്ന്  അടുക്കളയിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമായി നൽകും. ഉപയോഗിച്ച വാതകത്തിനുമാത്രം പണം കൊടുത്താൽ മതി. എൽപിജിയേക്കാൾ 30 ശതമാനം ചെലവ് കുറവാണ്‌. 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാകും.
വീടുകളിലേക്ക് കുറഞ്ഞ ചെലവിൽ പാചകവാതകം എത്തിക്കുന്ന  പദ്ധതിക്കുനേരെ മഞ്ചേരി നഗരസഭ പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു.  ഒരു വർഷം മുമ്പ്‌ നഗരസഭക്ക് അദാനി ഗ്രൂപ്പ് അധികൃതർ കത്ത് നൽകിയിരുന്നെങ്കിലും ഒരു മാസം മുമ്പാണ്‌ അനുമതിയായത്‌. മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി, പെരിന്തൽമണ്ണ നഗരസഭാ പരിധിയിലാണ് രണ്ടാംഘട്ടം പദ്ധതി നടപ്പാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top