08 July Wednesday

ആരവങ്ങളണിഞ്ഞ കുപ്പായം നാടിന്റെ കണ്ണീരൊപ്പാനായി...

സ്വന്തം ലേഖകൻUpdated: Tuesday May 19, 2020

ലേലത്തിന് വച്ച ഇന്ത്യൻ ഫുട്ബോളർ അനസ് എടത്തൊടികയുടെ ജേഴ്സി ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് കൈമാറുന്നു

കൊണ്ടോട്ടി
ഇന്ത്യൻ പ്രതിരോധത്തിന് കാവലായി ഗ്യാലറികളെ ഇളക്കിമറിച്ച  ആ  കുപ്പായം ഇനി ദുരിതബാധിതരുടെ കണ്ണീരൊപ്പും. രാജ്യത്തിനായി ആദ്യം കളത്തിലിറങ്ങിയപ്പോൾ താൻ ധരിച്ച 22ാം നമ്പർ ജേഴ്‌സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മുതൽക്കൂട്ടായി നൽകി ഇന്ത്യൻ ഫുട്‌ബോൾ താരം അനസ്‌ എടത്തൊടിക. ലേലത്തിൽ വയ്‌ക്കാനായി ഡിവൈഎഫ്‌ഐയെ  ഏൽപിച്ച ജേഴ്‌സിയിൽനിന്ന്‌ ലഭിക്കുന്ന വരുമാനം  കോവിഡ്‌ പ്രതിരോധത്തിനായി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയുടെ ഭാഗമാകും. 
  അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി എഎഫ്സി ഏഷ്യൻ  ടൂർണമെന്റിൽ ഇറങ്ങിയപ്പോൾ അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. ജേഴ്സി ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് കൈമാറി. 
കോവിഡ് മഹാമാരിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകണമെന്ന ആഗ്രഹം അനസ് കൊണ്ടോട്ടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം ശ്രീജിത്ത് ജേഴ്സി ഏറ്റുവാങ്ങി. മേഖലാ പ്രസിഡന്റ് പി പി സാജിദ്, സെക്രട്ടറി ടി ഷഫീഖ് എന്നിവരും സന്നിഹിതരായി. 
ഇന്ത്യൻനിരയിലെ ഏറ്റവും പ്രതിഭാധനനായ ഡിഫൻഡർ എന്ന്‌ ലോകോത്തര താരങ്ങൾ വാഴ്‌ത്തിയ   ഐഎസ്‌എൽ താരംകൂടിയായ   അനസ്‌ മൈതാനത്തിന്‌ സമ്മാനിച്ച ആവേശ നിമിഷങ്ങൾക്കൊപ്പംതന്നെയാണ്‌ അതിന്റെ അടയാളമായ ജേഴ്‌സി ദാനംചെയ്‌തതിനെയും  ആരാധകർ കാണുന്നത്‌. ഇതിന് സമൂഹമാധ്യമങ്ങളിലും പിന്തുണ ഏറുകയാണ്‌. ജേഴ്സി 28 വരെ ലേലത്തിൽ വയ്‌ക്കും. താൽപ്പര്യമുള്ളവർ 8304870375, 9847841538  എന്നീ നമ്പറുകളിൽ വാട്‌സാപ്പിൽ അറിയിക്കണം.

 

പ്രധാന വാർത്തകൾ
 Top