27 June Thursday
ദേശാഭിമാനി ഫോക്കസ‌്–-2019

പ്രതിഭകൾക്ക‌് സ‌്നേഹാദരം

സ്വന്തം ലേഖകൻUpdated: Sunday May 19, 2019

ദേശാഭിമാനി മലപ്പുറം ഡിടിപിസി ഹാളിൽ സംഘടിപ്പിച്ച "ഫോക്കസ് 2019'ൽ വിഎച്ച‌്എസ‌്ഇയുടെയും സംസ്ഥാന സാങ്കേതിക പരീക്ഷാ വിഭാഗത്തിന്റെയും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലവകുമാർ കരിയർ ഗൈഡൻസ‌് ക്ലാസെടുക്കുന്നു

മലപ്പുറം
വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച മലപ്പുറത്തിന്റെ പ്രതിഭകൾക്ക‌് ദേശാഭിമാനിയുടെ സ‌്നേഹാദരം. ജില്ല രൂപീകരിച്ചതിന്റെ അമ്പതാം വർഷത്തിൽ  എസ‌്എസ‌്എൽസി, പ്ലസ‌് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ‌് കരസ്ഥമാക്കിയവരെയാണ‌്  ദേശാഭിമാനി ആദരിച്ചത‌്. 
ഡിടിപിസി ഹാളിൽ നടന്ന ഫോക്കസ‌്–-2019ൽ ജില്ലയിലെ വിവിധ  പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികളാണെത്തിയത‌്. 
ഇവർക്കൊപ്പം സജീവമായി പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ ചടങ്ങിന്റെ മാറ്റുകൂട്ടി. ആദരവിന‌് എത്തിയവരിൽ ഭൂരിപക്ഷവും പെൺകുട്ടികളായത‌് മലപ്പുറത്തിന്റെ മാറുന്ന പുരോഗമന സംസ്കാരത്തിന്റെ അടയാളമായി. 
കേരള സാഹിത്യ അക്കാദമി   വൈസ‌് പ്രസിഡന്റ‌് ഡോ. ഖദീജ മുംതാസ‌് പരിപാടി ഉദ‌്ഘാടനംചെയ്തു. ദേശാഭിമാനി മലപ്പുറം യൂണിറ്റ‌് മാനേജർ ആർ പ്രസാദ‌് അധ്യക്ഷനായി.
    ശാരീരിക വെല്ലുവിളി  നേരിട്ട‌് വിഷയങ്ങളിലും എ പ്ലസ‌് നേടി കഴിവുതെളിയിച്ച വള്ളിക്കുന്നിലെ സി പി ദേവിക സദസ്സിന്റെ ആകർഷണമായി.  
  വിഎച്ച‌്എസ‌്ഇയുടെയും സംസ്ഥാന സാങ്കേതിക പരീക്ഷാ വിഭാഗത്തിന്റെയും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലവകുമാർ   കരിയർ ഗൈഡൻസ‌് ക്ലാസെടുത്തു. വിദ്യാർഥികളുടെ ഓരോ സംശയത്തിനും കൃത്യമായ വാക്കുകളിൽ അദ്ദേഹം മറുപടി നൽകി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും  ക്ലാസിലും സജീവമായി.  സിവിൽ സർവീസ‌ിന‌് പഠിക്കാൻ ആഗ്രഹമുള്ള സ‌്നേഹയ്ക്ക‌് പ്ലസ‌് ടുവിനുശേഷം ഏത് കോഴ‌്സിന‌് ചേരണം എന്നായിരുന്നു  സംശയം. മാധ്യമപഠനമോ നിയമപഠനമോ താൽപ്പര്യമുണ്ടെങ്കിൽ നല്ലതായിരിക്കുമെന്നാണ‌് ലവകുമാർ മറുപടി നൽകിയത‌്. 
സയൻസും കൊമേഴ‌്സും മെഡിക്കലും തുടങ്ങി ടെക‌്നിക്കൽ മേഖലയിലെ വിവിധ കോഴ‌്സുകളടക്കം സംശയങ്ങളിൽ നിറഞ്ഞു. രാജ്യത്തെ മികച്ച സ്ഥാപനങ്ങളും അവിടേക്കുള്ള പ്രവേശന മാർഗങ്ങളും വിദ്യാർഥികൾക്കുമുമ്പിൽ ലവകുമാർ വിവരിച്ചു.  വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകളെക്കുറിച്ചും  സംസാരിച്ചു. 
    വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ‌്സ‌് വിവരണ സ‌്റ്റാളുകളും ചടങ്ങിനോടനുബന്ധിച്ച‌് ഒരുക്കിയിരുന്നു. 
   ചടങ്ങിൽ സി പി ദേവികയെ ദേശാഭിമാനിക്കുവേണ്ടി ആർ പ്രസാദ‌് മെമെന്റൊ നൽകി ആദരിച്ചു. ഖാദി ബോർഡ‌് അംഗം വേലായുധൻ വള്ളിക്കുന്ന‌്, ജെയിൻ യൂണിവേഴ‌്സിറ്റി ക്യാമ്പസ‌് ഡയറക്ടർ ഡോ. ഷാജി തോമസ‌് എന്നിവർ സംസാരിച്ചു. ന്യൂസ‌് എഡിറ്റർ  കെ സി രാജഗോപാലന്‍ സ്വാഗതവും ബ്യൂറോ ചീഫ‌് പി വിജയൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top